കോഴിക്കാട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏബ്രഹാമിന്റെ പോസ്റ്റ്മോർട്ടം ഇപ്പോൾ നടത്താൻ അനുവദിക്കില്ലെന്ന് ബന്ധുക്കൾ. വിവിധ വിഷയങ്ങൾ ഉന്നയിച്ച് കളക്ടറുമായി നടത്തിയ ചർച്ചയിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കുകയാണ് കുടുംബാംഗങ്ങൾ. വിഷയത്തിൽ സിസിഎഫ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന യോഗം കളക്ടർ വിളിച്ചുചേർത്തു.
കുടുംബാംഗങ്ങളുടെ പ്രതിഷേധത്തോടെ എബ്രഹാമിന്റെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാനുള്ള നടപടികള്‍ വൈകുകയാണ്. മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏബ്രഹാമിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ പിടികൂടുക, വന്യമൃഗശല്യം തടയുന്നതിന് ഫെൻസിംഗ്, നഷ്ടപരിഹാരം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ഏബ്രഹാമിന്റെ കുടുംബവും നാട്ടുകാരും ആവശ്യപ്പെടുന്നത്. ഏബ്രഹാമിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ കൂരാച്ചുണ്ടില്‍ ഇന്ന് ഹര്‍ത്താൽ നടക്കുകയാണ്.