തിരുവനന്തപുരം: മുസ്ലിം സംഘടനാ നേതാക്കളുമായുള്ള മുഖാമുഖം പരിപാടിയിൽ അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചപ്പോൾ വളരെ നല്ല പ്രസംഗം കാഴ്ചവെച്ചതിന് നന്ദിയെന്ന് അവതാരക പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
‘അമ്മാതിരി കമന്റൊന്നും വേണ്ട. നിങ്ങള്‍ ആളെ വിളിക്കുന്നെങ്കില്‍ ആളെ വിളിച്ചാല്‍ മതി’യെന്ന് മുഖ്യമന്ത്രി ക്ഷോഭത്തോടെ പറഞ്ഞു. എല്ലാവരും കാലത്തു തന്നെ എത്തിയത് അങ്ങേയറ്റം സന്തോഷം പകരുന്നതാണ് എന്നു പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിക്കുന്നത്.ഇതിനു പിന്നാലെയാണ് അവതാരക പ്രസംഗത്തിന് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞത്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുന്നത് അടക്കമുള്ള വിഷയങ്ങളാണ് മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.
നവകേരള സദസ്സിന്റെ തുടർച്ചയായാണ് ന്യൂനപക്ഷ വിഭാഗങ്ങളുമായി മുഖ്യമന്ത്രി മുഖാമുഖം സംഘടിപ്പിക്കുന്നത്. അതിന്റെ ആദ്യഘട്ടമായാണ് മുസ്ലിം നേതാക്കളുമായുള്ള കൂടിക്കാഴ്ച. മുസ്ലിം സംഘടനാ പ്രതിനിധികൾ, മുതവല്ലിമാർ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ, മദ്രസാ അധ്യാപകർ തുടങ്ങിയവരാണ് പരിപാടിയിൽ പങ്കെടുത്തത്.