ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്. മിസോറാമിനോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കേരളം പരാജയപ്പെട്ടത് (7-6). നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കേരളത്തിന്റെ പ്രതിരോധ നിര താരം വി.ആര് സുജിത്തിന്റെ ഷോട്ട് പുറത്തേക്ക് പോയതാണ് കേരളത്തിന് തിരിച്ചടിയായത്.
മത്സരത്തില്‍ മികച്ച അവസരങ്ങള്‍ കിട്ടിയിട്ടും ഗോളാക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. നാളെ നടക്കുന്ന സെമിയില്‍ സര്‍വീസസാണ് മിസോറാമിന്റെ എതിരാളി. ടൂര്‍ണമെന്റിലുടനീളം മുന്നേറ്റ നിര ഗോള്‍ നേടാന്‍ വിഷമിച്ചത് കേരളത്തിന് തിരിച്ചടിയായിരുന്നു. ആദ്യ മത്സരത്തില്‍ അസമിനെതിരെ ജയിച്ചു കൊണ്ട് തുടങ്ങിയ കേരളം രണ്ടാം മത്സരത്തില്‍ ഗോവക്കെതിരെ പരാജയപ്പെടുകയായിരുന്നു. മേഘാലയയോട് സമനിലയില്‍ കുരുങ്ങിയ കേരളം അരുണാചല്‍ പ്രദേശിനെ തോല്‍പ്പിച്ചാണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സര്‍വീസസിനോട് സമനില പാലിച്ചു. പരിശീലകൻ സതീവന്‍ ബാലന്റെ നേതൃത്വത്തിലായിരുന്നു കേരളം സന്തോഷ് ട്രോഫിയില്‍ കളിക്കാനിറങ്ങിയത്.