തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് ഉന്നതതലയോഗം വിളിച്ചു. ഓണ്‍ലൈനായി ചേരുന്ന യോഗം ഇന്ന് ഉച്ചയ്ക്ക് 2.30 ന് നടക്കും. വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മൂന്നുപേരാണ് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ദിരയെന്ന വീട്ടമ്മ കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വലിയ പ്രതിഷേധവും അരങ്ങേറിയിരുന്നു. ഇതിനു പിന്നാലെ ഇന്നലെ കോഴിക്കോട് കക്കയത്തും, തൃശൂര്‍ അതിരപ്പിള്ളിയിലും രണ്ടുപേര്‍ വന്യജീവി ആക്രമണത്തില്‍ മരിച്ചു. കക്കയത്ത് കര്ഷകന് പാലാട്ടി എബ്രഹാം കാട്ടുപോത്തിന്റെ ആക്രമണത്തിലാണ് മരിച്ചത്. അതിരപ്പള്ളിയില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ വത്സ എന്ന സ്ത്രീയെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു.