ഇംഗ്ലീഷ് ഭാഷയെ സ്നേഹിക്കുന്ന വോട്ടർമാർ കേരളത്തില്‍ ഏറ്റവുമധികമുള്ളത് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലാണെന്ന് പകുതി കാര്യമായും പകുതി കളിയായും പറയാറുണ്ട്. ഇന്ത്യയിലെ ഏത് മല്സരപരീക്ഷകള്ക്കായുളള കോച്ചിംഗ് സെന്ററുകളും തിരുവനന്തപുരത്തുണ്ട്. ആകെ മൊത്തം ഒരു അക്കാദമിക അന്തരീക്ഷമാണ് തിരുവനന്തപുരത്തുള്ളത്.
സെക്രട്ടറിയേറ്റില്‍ ജോലി കിട്ടി അഡീഷണല്‍ സെക്രട്ടറിയായി റിട്ടയര്‍ ചെയ്യണമെന്നാണ് തിരുവനന്തപുരത്തെ ശരാശരി ചെറുപ്പക്കാരന്റെ/ ചെറുപ്പക്കാരിയുടെ ആഗ്രഹം. അങ്ങിനെയുള്ള ഒരിടത്തേക്കാണ് യുഎന്‍ അണ്ടര്‍സെക്രട്ടറി ജനറലായിരുന്ന ശശി തരൂര്‍ ചെന്നെത്തുന്നത്. ഫലമോ, മല്‍സരിച്ച 2009 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ ഒരു ലക്ഷത്തില്‍പ്പരം വോട്ടിന് അദ്ദേഹം ജയിച്ചുകയറി. വിശ്വപൗരനാണെങ്കില് എന്തും മറക്കുന്ന സ്വഭാവമാണ് തിരുവനന്തപുരത്തുകാര്ക്കുള്ളത്. ഭാര്യയുടെ ആത്മഹത്യയും ഒ രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വവും ഒരുമിച്ചുവന്ന 2014 ല്‍ മാത്രമാണ് തരൂരിന് അല്‍പ്പമൊന്ന് വിയര്‍ക്കേണ്ടി വന്നത്.
1971 ലെ തെരഞ്ഞെടുപ്പിലാണ് തിരുവനന്തപുരം ആദ്യമായി ഒരു വിശ്വപൗരനെ പാര്‍ലമെന്റിലേക്കയക്കുന്നത്. സാക്ഷാല്‍ വികെ കൃഷ്ണമേനോന്. ഒരു കാലത്ത് നെഹ്റുവിന്റെ കാബിനറ്റില്‍ അദ്ദേഹം കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമുണ്ടായിരുന്നയാള്. പക്ഷേ ചൈനീസ് ആക്രമണവും, അതിന് ശേഷമുള്ള നെഹ്റുവിന്റെ വിയോഗവും കൃഷ്ണമേനോനെ കോണ്‍ഗ്രസില്‍ വഴിയാധാരമാക്കി. സോഷ്യലിസ്റ്റും നെഹ്റുവിയനുമായിരുന്ന മേനോനെ എവിടെ നിര്‍ത്തിയാലും കോണ്‍ഗ്രസിലെ വലതുപക്ഷം തോല്‍പ്പിക്കും. അങ്ങിനെയാണ് ഇടതുപിന്തുണയോടെ മല്‍സരിക്കാന്‍ അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. മലയാളത്തില്‍ നന്നായി സംസാരിക്കാന്‍ അറിയാത്ത , പൊതുയോഗങ്ങളില്‍ പോലും ഇംഗ്ലീഷ് ഉപയോഗിക്കുമായിരുന്ന കൃഷ്ണമേനോനെ തിരുവനന്തപുരം നല്ല ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചു. അതിന് ശേഷം ആ ഭാഗ്യം ലഭിച്ചത് ശശി തരൂരിനായിരുന്നു. വന്ന കാലത്ത് തരൂരിനും വികെ കൃഷ്ണമേനോനെപ്പോലെ മലയാളം കഷ്ടിയായിരുന്നു.
തിരുവനന്തപുരം നഗരവാസികളുടെ ഈ കോസ്മോപൊളിറ്റിന്‍ സ്വഭാവം കൊണ്ടാണ് ബിജെപി പോലും ഇത്തവണ ആദ്യം നിര്‍മ്മലാ സീതാരാമനെയും, പിന്നീട് വിദേശകാര്യമന്ത്രി ജയശങ്കറെയുമൊക്കെ ഈ മണ്ഡലത്തിലേക്ക് പരിഗണിച്ചത്. അവസാനം തരൂരിനെപ്പോലെ മലയാളം ഒഴിച്ച് മറ്റേത് ഭാഷയും വെള്ളം പോലെ സംസാരിക്കുന്ന രാജീവ് ചന്ദ്രശേഖറെ കൊണ്ടുവന്നിറക്കിയതും ഇതെല്ലാം മനസില്‍ വച്ചുകൊണ്ടാണ്. രണ്ട് വിശ്വപൗരന്മാര് മല്‍സരിക്കുന്നിടത്ത് മലയാളം മാത്രം സംസാരിക്കാന്‍ അറിയുന്ന പന്ന്യന്‍ രവീന്ദ്രനെ കൊണ്ടുവന്ന ഇടതുമുന്നണിയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ രഹസ്യം മാത്രം ഇതുവരെ ആര്‍ക്കും പിടികിട്ടിയിട്ടില്ല.
നായര്‍- നാടാര്‍-ക്രിസ്ത്യന്‍- ലത്തീന്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ എപ്പോഴും ജയിച്ചു കയറുന്നത് സിഎസ്ഐ നാടാര്‍ വിഭാഗത്തിന്റെയും, ലത്തീന്‍ കത്തോലിക്കരുടെയും വോട്ടുകൊണ്ടാണ്. ഈ രണ്ട് വിഭാഗങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുളള പാറശാല, നെയ്യാറ്റിന്‍കര, കോവളം മണ്ഡലങ്ങളിലെ വോട്ടുകളാണ് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ശശി തരൂരിനെ അകമഴിഞ്ഞു സഹായിച്ചത്. നായര്‍ സമുദായത്തിന് സ്വാധീനമുള്ള വട്ടിയൂര്‍ക്കാവും ഈഴവ സമുദായത്തിന് സ്വാധീനമുള്ള കഴക്കൂട്ടവും അല്‍പ്പം മുന്‍തൂക്കം മാത്രം തരൂരിന് നല്കിയപ്പോള് നായര്‍ സമുദായത്തിന് വലിയ സ്വാധീനമുള്ള നേമം മണ്ഡലം കഴിഞ്ഞ തവണ കുമ്മനം രാജശേഖരന് പിന്നില്‍ അണിനിരക്കുകയായിരുന്നു. ലത്തീന്‍ ക്രൈസ്തവര്‍ നല്ലൊരു വോട്ടുബാങ്കായ തിരുവനന്തപുരം മണ്ഡലവും തരൂരിന് നല്ല മുന്‍തൂക്കം നല്‍കിയിരുന്നു. ഇത്തവണയും ക്രൈസ്തവ വോട്ടില്‍ തന്നെയാണ് തരൂര്‍ പാറ പോലെ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് മുസ്ലിംലീഗിന്റെ കോഴിക്കോട്ടെ പാലസ്തീന് ഐക്യദാര്ഡ്യയോഗത്തില് പോയി ഹമാസിനെ തീവ്രവാദികള്‍ എന്ന് വിളിക്കാന്‍ അദ്ദേഹം ധൈര്യം കാട്ടിയതും.
രാജീവ് ചന്ദ്രശേഖറിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതില്‍ ബിജെപിയുടെ കേരളാഘടകത്തിന് വലിയ എതിര്‍പ്പുണ്ട്. എന്നാല്‍ കേന്ദ്രനേതൃത്വത്തിനെതിരെ അവര്‍ക്ക് ശബ്ദിക്കാന്‍ വയ്യ. ആര്‍എസ്എസിന്റെ ശക്തികേന്ദ്രം കൂടിയായ തിരുവനന്തപുരത്ത് അവരും ഇക്കാര്യത്തില്‍ പിണക്കത്തിലാണ്. ചുരുക്കത്തില്‍ നാലാം തവണത്തെ മല്‍സരം തരൂരിന് മറ്റ് മൂന്ന് തവണത്തെ മല്‍സരത്തേക്കാള്‍ എളുപ്പമായിരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
ഇടതുമുന്നണിയില്‍ തിരുവനന്തപുരം സീറ്റ് സിപിഐക്കാണ്. എംഎന്‍ ഗോവിന്ദന്‍നായര്‍, ആശാന് എന്ന കെവി സുരേന്ദ്രനാഥ്. പികെ വാസുദേവൻ നായർ തുടങ്ങിയവരാണ് സിപിഐയില്‍ നിന്നും തിരുവനന്തപുരത്തെ ഇതിന് മുമ്പ് ലോക്സഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സിപിഐ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ തിരുവനന്തപുരം ഇല്ല. മാവേലിക്കരയിലും , തൃശൂരുമാണ് സിപിഐ യുടെ നേതാക്കള്‍ പലരും തമ്പടിച്ചിരിക്കുന്നത്. കുറഞ്ഞ പക്ഷം നല്ലൊരു സ്ഥാനാര്‍ത്ഥിയെ മല്സരിപ്പിച്ചുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മാത്രമാണ് പന്ന്യന്‍ രവീന്ദ്രനെ മല്സരിപ്പിക്കുന്നതെന്നാണ് സിപിഐ നേതാക്കള്‍ തന്നെ പറയുന്നത്. എന്നു വച്ചാല്‍ വലിയ അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ ഇത്തവണയും ശശിതരൂര്‍ തന്നെ ഡല്‍ഹിക്കു പോകുമെന്ന് വ്യക്തം.