ഇടുക്കി: അടിമാലിയില്‍ മൂവര്‍സംഘം പൊലീസുകാരനെ പിന്തുടര്ന്നെത്തി കുത്തി പരിക്കേല്‍പ്പിച്ചു. കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം. വെള്ളത്തൂവല്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനാണ് കുത്തേറ്റത്.
സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. അത്തികുഴിയില് സന്തോഷ്, ലൈജു എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ബൈക്കും പൊലീസ് പിടികൂടി. ഒളിവിലുള്ള പ്രതിയെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പത്താംമൈലില്‍നിന്ന് 200 ഏക്കറിലേക്കുള്ള യാത്രയ്ക്കിടെ ബൈക്കില്‍ പിന്തുടര്ന്നെത്തിയ മൂവര്‍ സംഘം കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൈക്കും വയറിനും പരിക്കേറ്റ പൊലീസുകാരനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരുന്നുവാങ്ങുന്നതിനായി അടിമാലി ടൗണിലെ മെഡിക്കല്‍ സ്റ്റോറിന് മുന്പില് വാഹനം പാര്‍ക്ക് ചെയ്തപ്പോഴായിരുന്നു തര്‍ക്കം. പിന്നീട് ഇരുന്നൂറേക്കറില്‍ എത്തിയപ്പോഴാണ് ബൈക്കില്‍ പിന്തുടര്ന്നെത്തയ സംഘം കാര്‍ ആക്രമിക്കുകയും, അനീഷിന്റെ കൈയ്ക്ക് കുത്തുകയും ചെയ്തത്. അക്രമികളില്‍ ഒരാള്‍ മറ്റൊരു കേസില്‍ മുന്‍പ് പിടിയിലായിരുന്നു. കേസിനു പിന്നില്‍ അനീഷാണെന്ന് ആരോപിച്ചാണ് ആക്രമണമെന്നും റിപ്പോര്‍ട്ടുണ്ട്.