ന്യൂഡല്‍ഹി: സ്ഥാനാർഥി പട്ടിക തീരുമാനിക്കാന്‍ കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വ്യാഴാഴ്ച ചേരും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ 100 സ്ഥാനാർഥികളെ ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കാനാണ് നീക്കം. സ്ഥാനാർഥി നിർണയത്തിനായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരൻ ഇന്നലെ ഡൽഹിയിലെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്നു രാത്രിയോടെയും എത്തും.
ബി.ജെ.പി, ഇൻഡ്യ മുന്നണിയിലെ സഖ്യകക്ഷിയായ ആം ആദ്മി പാർട്ടി ഉള്‍പ്പടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച സാഹചര്യത്തിൽ എത്രയും വേഗം ആദ്യഘട്ട പട്ടിക പുറത്തുവിടാനാണ് കോൺഗ്രസ് നീക്കം. ഭൂരിഭാഗം സംസ്ഥാന ഘടകങ്ങളും ഇതിനകം ഹൈക്കമാൻഡിന് ആദ്യഘട്ട പട്ടിക കൈമാറിയിട്ടുണ്ട്. തർക്കങ്ങൾ ഇല്ലാത്തതും സിറ്റിങ് എം.പിമാർ മത്സരിക്കുന്നതുമായ മണ്ഡലങ്ങൾ ആദ്യം പ്രഖ്യാപിക്കും.മറ്റന്നാൾ നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനുശേഷം പ്രഖ്യാപനമുണ്ടാകും.
കെ. സുധാകരൻ ഡൽഹിയിൽ ഇന്ന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. രാഹുൽ ഗാന്ധി വയനാട് സീറ്റിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ മറ്റന്നാൾ അന്തിമ തീരുമാനം ഉണ്ടാകും. കോൺഗ്രസിൻ്റെ പ്രകടനപത്രികയും ഉടന്‍ പുറത്തിറങ്ങും. മുതിര്‍ന്ന നേതാവ് പി. ചിദംബരത്തിൻ്റെ നേത്യത്വത്തിലുള്ള മാനിഫെസ്റ്റോ കമ്മിറ്റി ജാതി സെൻസസ്, തൊഴിലില്ലായ്മയും അതിൻ്റെ ആഘാതവും കുറക്കുന്നതിനുള്ള വാഗ്ദാനങ്ങൾ, കാര്‍ഷിക വിളകളുടെ താങ്ങുവില തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.