തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തെ തുടർന്ന് കെഎസ്യു സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനുനേരേയുണ്ടായ പോലീസ് അതിക്രമത്തെ തുടർന്ന് ഇന്ന് സംസ്ഥാന വ്യാപകമായി പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ ബന്ദിന് പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു.
എന്നാൽ ഇന്ന് നടക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി, സർവകലാശാലതല പരീക്ഷകളെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.അതിനിടെ , പരീക്ഷാ സമയത്ത് കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കെഎസ്യു ഈ തീരുമാനത്തിൽ നിന്ന് പിന്തിരിയണം. ഇല്ലെങ്കിൽ കോൺഗ്രസ് ഇടപെട്ട് കെഎസ്യുവിനെ പിന്തിരിപ്പിക്കണമെന്ന് മന്ത്രി വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.