ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് എസിബിഐ സുപ്രീംകോടതിയെ സമീപിച്ചു. ജൂണ്‍ 30 വരെ സാവകാശം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സമയപരിധി ബുധനാഴ്ച അവസാനിക്കാനിരിക്കയാണ് എസ്ബിഐയുടെ അപേക്ഷ.
തെരഞ്ഞെടുപ്പ് കമ്മീഷനുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ഓരോ ഇലക്ട്രല്‍ ബോണ്ട് ഇടപാടും സംബന്ധിച്ച വിശദാംശങ്ങള്‍ മാര്‍ച്ച് ആറിന് മുമ്പ് സമര്‍പ്പിക്കാനാണ് എസ്ബിഐയ്ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നത്. ഇലക്ടറല്‍ ബോണ്ടുകള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കാനും ഇതുവഴി നല്കിയ സംഭാവനകളുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാനും എസ്ബിഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 13നകം ഈ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് ബോഡിയോടും നിര്‍ദേശിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കമ്പനികളില്‍ നിന്നും വ്യക്തികളില്‍ നിന്നും പണം സ്വീകരിക്കാന്‍ പാകത്തില്‍ മണി ബില്ലായി 2017ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ചോദ്യം ചെയ്താണ് വിവിധ സംഘടനകള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2018 ജനുവരി 2 മുതലാണ് ഇലക്ടറല്‍ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്.