കോതമംഗലം: മാത്യു കുഴല്നാടന് എംഎല്‍എയ്ക്കും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും താത്കാലിക ജാമ്യം. കേസ് രാവിലെ കോടതി വീണ്ടും പരിഗണിക്കും. കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ മൃതദേഹം ബലമായി വലിച്ചുകൊണ്ടുപോയി പ്രതിഷേധിച്ചതിനാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.
ഇരുവരും രാവിലെ കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. തുറന്ന കോടതിയിൽ കേസിൽ വാദം കേൾക്കും. കോതമംഗലം മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അതേസമയം മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് ജാമ്യമില്ല വകുപ്പുപ്രകാരമാണ്. ചുമത്തിയത് ഐപിസി 143, 147, 353, 454, 149, 297 വകുപ്പുകൾ. അന്യായമായി സംഘം ചേരുക, കലാപത്തിന് ശ്രമിക്കു തുടങ്ങിയ വകുപ്പുകളും ചുമത്തി. ഔദ്യോഗിക കൃത്യ നിർവഹനത്തിനു തടസം സൃഷ്ടച്ചതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസെടുത്തു.
തിങ്കളാഴ്ച രാത്രി 10.45 നായിരുന്നു അറസ്റ്റ്. ഇന്ദിരക്കും കുടുംബത്തിനും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാരായ മാത്യു കുഴല്‍നാടനും എല്‍ദോസ് കുന്നപ്പിള്ളിയും ആരംഭിച്ച അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചിരുന്നു. ഈ സമര പന്തലിലെത്തിയാണ് മാത്യു കുഴല്‍നാടനെ പൊലീസ് അറസ്റ്റ് ചെയ്തത്.സമരപ്പന്തലിന് സമീപത്തെ കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കെയാണ് മുഹമ്മദ് ഷിയാസിനെ അറസ്റ്റ് ചെയ്തത്. ഇരുവരുടെയും അറസ്റ്റ് യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ പൊലീസ് ലാത്തിവീശി. ഇതോടെ കോതമംഗലത്ത് വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധക്കാര്‍ പൊലീസിന്റെ വാഹനം തല്ലിത്തകര്‍ത്തു. നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകള്‍ ഓഫ് ചെയ്താണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.