തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മിക്കവാറും പേര്‍ക്ക് പെന്ഷന് കിട്ടി കഴിഞ്ഞു. രണ്ടുമൂന്ന് ദിവസം കൊണ്ട് എല്ലാ ജീവനക്കാര്‍ക്കും ശമ്പളം കൊടുത്തുതീര്‍ക്കും. എന്നാല്‍ ശമ്പളം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഉണ്ടാവും. ഒറ്റയടിക്ക് 50000 രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ട്രഷറിയില്‍ നിയന്ത്രണമുണ്ട്. ശമ്പളത്തിനും പെന്‍ഷനും ഇത് ബാധകമാകും. എന്നാല്‍ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയില്ലെന്നും ധനമന്ത്രി പറഞ്ഞു. 13,608 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. ആ പണം എടുക്കാന്‍ സമ്മതിക്കാത്തത് സുപ്രീംകോടതിയില്‍ ഒരു കേസ് കൊടുത്തു എന്ന പേരിലാണ്. ഭരണഘടന പ്രകാരമാണ് കേസ് കൊടുത്തതെന്നും ധനമന്ത്രി പറഞ്ഞു.
കേസ് കൊടുത്തു എന്നതിന്റെ പേരില്‍ ഫെബ്രുവരി, മാര്‍ച്ച് മാസത്തില്‍ പണം തരില്ല എന്ന കേന്ദ്ര നിലപാട് സംസ്ഥാനത്തെ കാര്യമായി ബുദ്ധിമുട്ടിക്കും. ശമ്പളം നല്‍കിയത് കൊണ്ടോ പെന്ഷന് കൊടുത്തത് കൊണ്ടോ സംസ്ഥാനത്തിന്റെ പ്രശ്നം തീരുന്നില്ല. കഴിഞ്ഞ മാര്‍ച്ച് മാസം 22,000 കോടി രൂപയാണ് ചെലവഴിച്ചത്. നിലവില്‍ 14000 കോടി രൂപയാണ് തടഞ്ഞുവച്ചിരിക്കുന്നത്. ആദ്യം 57,400 കോടിയോളം രൂപ കേന്ദ്രം വെട്ടിക്കുറച്ചു എന്നും ധനമന്ത്രി വ്യക്തമാക്കി.
സാധാരണക്കാരായ ആളുകള്‍ക്ക് നല്‍കുന്നതാണ് സാമൂഹിക ക്ഷേമ പെന്ഷന്. 62 ലക്ഷം പേര്‍ക്കാണ് പെന്ഷന് നല്‍കുന്നത്. പെന്ഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എന്തുസമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്? സാമൂഹിക ക്ഷേമ പെന്ഷന് കിട്ടാനുള്ള ആളുകള്‍ ഉള്‍പ്പടെ ഡല്‍ഹിയില്‍ പോയി സമരം ചെയ്യണോ? അത്തരം കാര്യങ്ങളില്‍ യുഡിഎഫിന്റെ സമീപനം എന്താണ്? കേരളത്തോട് കേന്ദ്രം കാണിക്കുന്ന നിലപാടില്‍ യുഡിഎഫ് നിലപാട് എന്താണെന്നും ധനമന്ത്രി ചോദിച്ചു.