കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ 42 ലോക്സഭാ സീറ്റുകളിലും മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കെ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ ഇപ്പോഴും തയ്യാറാണെന്ന് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്. തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി വാതിലുകള്‍ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ പ്രതികരണം.
പട്നയില്‍ നടക്കുന്ന പ്രതിപക്ഷ റാലിക്ക് മുന്നോടിയായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കമ്മ്യൂണിക്കേഷന്‍സ് ഇന്‍ചാര്‍ജുമായ ജയറാം രമേഷ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. ബിജെപിയെ തോല്‍പ്പിക്കണമെന്നും തങ്ങള്‍ക്ക് ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്നും അന്തിമ തീരുമാനമാകുന്നതുവരെ മറ്റൊന്നും പറയാനില്ലെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
ബിഹാര്‍ തലസ്ഥാനമായ പട്നയില്‍ നടക്കുന്ന റാലിയില്‍ സംയുക്ത പ്രതിപക്ഷ റാലിയാണെന്നും ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്താനുള്ള പ്രതിപക്ഷ ഐക്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുടെ അമ്പതാം ദിവസമായ ഇന്ന് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പങ്കെടുക്കും.