1978 ജൂലൈയില്‍ തന്റെ മുപ്പത്തിയെട്ടാം വയസില്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായതിന് ശേഷം ഇന്നുവരെ ശരത് ഗോവിന്ദ റാവു പവാര്‍ എന്ന ശരത് പവാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സ്ട്രോങ്ങ് മാൻ എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ തന്റെ എൺപത്തി നാലാം വയസില്‍ അതിശക്തനായ ആ മറാത്ത നേതാവ് നിലനില്‍പ്പിനായി പൊരുതുകയാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പും അതിന് ശേഷം ഒക്ടോബറില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും പവര്‍ പൊളിറ്റിക്സിന്റെ ആചാര്യനായ ശരത് പവാറിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനരംഗങ്ങള്‍ ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
1999 ല്‍ കോണ്‍ഗ്രസില്‍ നിന്നും പിരിഞ്ഞു പോന്നു പവാര്‍ രൂപീകരിച്ച നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചിഹ്നവും പേരും തന്റെ മരുമകന് അജിത്ത് പവാറിന്റെ പാര്‍ട്ടിക്ക് സ്വന്തമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വിധിച്ചതാണ് പവാറിനെ ഏറ്റവും പ്രതിരോധത്തിലാക്കിയത്. അവസാനം സുപ്രീം കോടതിയില്‍ പോയി ഇനി ഉത്തരവുണ്ടാവുന്നത് വരെ എന്‍ സി പി – ശരത് പവാര്‍ വിഭാഗം എന്ന് തന്റെ പാര്‍ട്ടി അറിയപ്പെടുമെന്ന വിധി വാങ്ങിയെങ്കിലും പാര്‍ട്ടിയുടെ ഭാവിയെക്കുറിച്ച് എന്നുവെച്ചാല്‍ തന്റെ മകളും ബരാമതി എം പിയുമായ സുപ്രിയ സുലേയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് പവാര്‍ വളരെ ആശങ്കാകുലനാണ്. അജിത് പവാറും ബിജെപിയും ശിവസേനയിലെ ഷിന്ദെ വിഭാഗവും ചേര്‍ന്ന് നയിക്കുന്ന മഹാരാഷ്ട്രയിലെ പുതിയ സര്‍ക്കാരിനെയും അവരുടെ സന്നാഹങ്ങളെയും സുപ്രിയാ സുലേക്ക് ഒറ്റക്ക് നേരിടാന്‍ കഴിയില്ലന്ന് ബുദ്ധിമാനായ പവാറിന് അറിയാം.
ഡോ. മന്‍മോഹന്‍സിംഗിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സോണിയാഗാന്ധി തീരുമാനമെടുത്തത് 1998 ലാണ്. ഇതേ തുടര്‍ന്നാണ് പ്രധാനമന്ത്രി മോഹം എക്കാലവും മനസില്‍ താലോലിച്ചിരുന്ന ശരത് പവാര്‍ പിഎ സംഗ്മയോടും താരിഖ് അന്വറോടുമൊപ്പം കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസില്‍ ഒരിക്കലും ശരത് പവാര്‍ നെഹ്റു കുടുംബത്തിന്റെ ഗുഡ്ബുക്കിലായിരുന്നില്ല. 1991ല്‍ രാജീവ് ഗാന്ധിയുടെ മരണശേഷവും പ്രധാനമന്ത്രിയാകാനുള്ള നീക്കങ്ങള്‍ ശരത് പവാര്‍ നടത്തിയിരുന്നു. അന്ന് കെ കരുണാകരനാണ് നരസിംഹറാവുവിന് വേണ്ടി ഈ നീക്കം തടഞ്ഞത്.
തന്റെ മകളെ കോണ്‍ഗ്രസിലെത്തിച്ച് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ മുഖമാക്കണമെന്നും തന്റെ പാര്‍ട്ടിയായ എന്‍സിപി അനന്തിരവന് ആയ അജിത് പവാര്‍ തന്നെ നോക്കി നടത്തെട്ടെയെന്നുമായിരുന്നു ആദ്യമൊക്കെ ശരത് പവാറിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ കേന്ദ്രത്തില്‍ ഇനിയൊരു കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാകുന്നത് തന്റെ ആയുസില്‍ കാണാന്‍ കഴിയില്ലന്ന് പവാറിന് മനസിലായി. അങ്ങിനെയാണ് അദ്ദേഹം അജിത്ത് പവാറിനെ ബിജെപി പാളയത്തിലെത്തിച്ചതെന്നത് പരസ്യമായ രഹസ്യമാണ്. അജിത് പവാറിന് എന്‍സിപിയും മഹാരാഷ്ട്രയും മകള്‍ക്ക് കേന്ദ്രത്തില്‍ മോദി മന്ത്രിസഭയില്‍ കാബിനറ്റ് സ്ഥാനവും ഇതായിരുന്നു ശരത് പവാറിന്റെ ആഗ്രഹം.
എന്നാല്‍ പവാറിന്റെ ഏത് ആജ്ഞയും ശിരസാവഹിക്കുന്ന അനന്തിരവന് അജിത് പവാര്‍ മകള്‍ സുപ്രിയയെ അത്രക്കങ്ങ് അടുപ്പിക്കുന്നില്ലന്നതാണ് ശരത് പവാറിന്റെ വലിയ പ്രതിസന്ധി.
സുപ്രിയയെ എന്‍സിപിയുടെ കേന്ദ്രത്തിലെ മുഖവും അജിത് പവാറിനെ സംസ്ഥാനത്തെ മുഖവുമാക്കുക എന്ന പവാറിന്റെ തന്ത്രം പാളുന്ന കാഴ്ചയാണ് കാണുന്നത്. എന്‍സിപി – ശരത് പവാര്‍ എന്ന പാര്‍ട്ടിയെ അജിത് പവാറിന്റെ കയ്യിലുള്ള പാര്‍ട്ടിയെ ചിഹ്നം അനുവദിച്ചു കിട്ടിയ ‘ഒറിജനല്‍’ എന്‍സിപിയില്‍ ലയിപ്പിക്കുക എന്ന പവാറിന്റെ നീക്കം ലക്ഷ്യം കാണാതെ പോകുന്നതില്‍ അദ്ദേഹത്തിന് നിരാശയുണ്ട്. സുപ്രിയയെ ബിജെപിയില്‍ ചേര്‍ത്തിട്ടാണെങ്കിലും അടുത്ത തവണ കേന്ദ്രമന്ത്രിയാക്കണമെന്നാണ് ഇപ്പോള്‍ പവാര്‍ ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.
കാരണം 2024 ഒക്ടോബറില്‍ മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പാണ്. അതിൽ അജിത് പവാറിന്റെ എന്‍സിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാല്‍ അദ്ദേഹം മുഖ്യമന്ത്രിയാകുമെന്ന് പവാറിന് അറിയാം. അങ്ങിനെ വന്നാല്‍ സുപ്രിയയുടെ രാഷ്ട്രീയ ഭാവി എന്താകുമെന്നാണ് പവാര്‍ ആശങ്കപ്പെടുന്നത്. ഏതായാലും രോഗങ്ങളും അവശതകളും അലട്ടുന്ന ഈ പ്രായത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയം കണ്ട ഏറ്റവും കരുത്തനായ നേതാക്കളിലൊരാള്‍ വലിയ രാഷ്ട്രീയപ്രതിസന്ധിയെ തന്നെയാണ് നേരിടുന്നത്. മറ്റു പല നേതാക്കളെയും പോലെ കുടുംബം തന്നെയാണ് ഈ പ്രതിസന്ധിക്കുമാധാരം