കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ നീരസം പ്രകടിപ്പിച്ച് ബിജെപി നേതാവ് പിസി ജോർജ്. താൻ മത്സരിക്കണമെന്ന് പത്തനംതിട്ടയിലെ ജനങ്ങൾ ആഗ്രഹിച്ചിരുന്നുവെന്ന് പിസി ജോർജ് പ്രതികരിച്ചു. പത്തനംതിട്ടയിൽ അനിൽ ആന്റണി പരിചിതനല്ലെന്നും അനിലിനെ പരിചയപ്പെടുത്തിയെടുക്കണമെന്നും പിസി പറഞ്ഞു.
ഡല്‍ഹിയില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന അനില്‍ ആന്റണി എന്ന പയ്യനാണ് മത്സരിക്കുന്നത്. എ.കെ ആന്റണിയുടെ മകനാണ്. ആന്റണി അങ്ങനെ പറയുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നറിയില്ല. അനിലിനെ പത്തനംതിട്ടയില്‍ അറിയപ്പെടാത്തയാളാണ്. കേരളവുമായി യാതൊരു ബന്ധവുമില്ല.ഇനി പരിചയപ്പെടുത്തി എടുക്കണം- പിസി ജോര്‍ജ് പറഞ്ഞു.
അതേ സമയം താൻ സ്ഥാനാർത്ഥിയാകുന്നതിനെ വെള്ളാപ്പള്ളിയും മകനും എതിർത്തു എന്നും പിസി ആരോപിച്ചു. എന്നാൽ പിസി ജോർജിന് അർഹമായ പരിഗണന നൽകുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. പിസി ജോർജിന്റെ പ്രസ്താവനയോട് കടുത്ത അതൃപ്തി രേഖപ്പെടുത്തി ബിഡിജെഎസ് രംഗത്ത് വന്നിട്ടുണ്ട്. തുഷാർ ജെപി നദ്ദയോട് നേരിട്ട് പരാതി അറിയിക്കുമെന്ന് ബിഡിജെഎസ് അറിയിച്ചു.