ദുംക: ജാർഖണ്ഡിലെ ദുംകയിൽ സ്പാനിഷ് യുവതി കൂട്ടമാനഭംഗത്തിനിരയായി. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതിയെ പ്രതികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഹൻസ്ദിഹ പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുമഹട്ടിലാണ് സംഭവം. മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദുംകയിലെ കുഞ്ചി ഗ്രാമത്തിൽ ടെൻ്റുകളിൽ ക്യാമ്പ് ചെയ്യുകയായിരുന്നു യുവതിയും ഭർത്താവും. സംഭവസമയത്ത് ദമ്പതികൾ ബൈക്കിൽ ബീഹാറിലെ ഭഗൽപൂരിലേക്ക് പോവുകയായിരുന്നു. ഏകദേശം 8 മുതൽ 10 വരെ പേർ ഇവരെ തടഞ്ഞ അക്രമി സംഘത്തിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. ടൂറിസ്റ്റ് വിസയിലാണ് യുവതിയും ഭർത്താവും ഇന്ത്യയിലെത്തിയത്. പീഡനത്തിനിരയായ യുവതി ഇപ്പോൾ സരായാഹത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ (സിഎച്ച്സി) ആശുപത്രിയിൽ ചികിത്സയിലാണ്.