തൃശൂര്‍ : വയനാട് മുള്ളന്‍കൊല്ലിയെ ഭീതിയിലാഴ്ത്തിയ കടുവയ്ക്ക് തൃശൂര്‍ മൃഗശാലയില്‍ വിശ്രമം. പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ നിന്ന് പിടിയിലായ കടുവയെ തൃശൂര്‍ മൃഗശാലയില്‍ എത്തിച്ചു. പല്ലുകള്‍ നഷ്ടപ്പെട്ട കടുവയ്ക്ക് ഇര പിടിക്കാന്‍ പ്രയാസമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സംരക്ഷിക്കാന്‍ തീരുമാനിച്ചത്.
തൃശൂരിലേക്ക് മാറ്റുന്ന മൂന്നാമത്തെ കടുവയാണ് WWL 127. നേരത്തെ വയനാട്ടില്‍ കെണിയിലായ മൂടക്കൊല്ലിയിലെ ആളെക്കൊല്ലി കടുവയും കൊളഗപ്പാറയിലെ സൗത്ത് വയനാട് ഒമ്പതാമനും പുത്തൂരിലായിരുന്നു പുനരധിവാസം ഒരുങ്ങിയിരുന്നത്. രണ്ടരമാസമായി ജനവാസ മേഖലയില്‍ ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ പിടിച്ച കടുവയെയാണ് മൃഗശാലയിലേക്ക് കൊണ്ടുവന്നത്.
കര്‍ണാടകത്തിലും കേരളത്തിലും ഒരുപോലെ, സാന്നിധ്യമുണ്ടായിരുന്നു WWL 127ന് മറ്റൊരു കടുവയുമായി കടിപിടി കൂടുന്നതിനിടെയാണ് പല്ലുപോയതെന്നാണ് നിരീക്ഷണം. ഇതിന് പിന്നാലെയാണ് ഇരപിടുത്തം ജനവാസ മേഖലയിലാക്കിയത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് കടുവ വനമൂലികയിലെ കൂട്ടില്‍ വീണത്.
കുപ്പാടിയിലെ പരിചരണ കേന്ദ്രത്തില്‍ വിശദമായ ആരോഗ്യ പരിശോധനയ്ക്ക് ശേഷമാണ് പുനരധിവാസത്തിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിട്ടത്. ഇന്ന് രാവിലെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് കടുവയെ തൃശൂരില്‍ എത്തിച്ചതെന്ന് മൃഗശാല സൂപ്രണ്ട് അനില്‍ പറഞ്ഞു കടുവയെ കൊറന്റൈനില്‍ പാര്‍പ്പിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തും.ഇതിന് ശേഷമായിരിക്കും തുടര്‍നടപടികളെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു.