തിരുവനന്തപുരം: ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലൂടെ മലയാളി ആദ്യമായി ബഹിരാകാശത്തേക്ക്. ഗഗൻയാൻ യാത്രക്കുള്ള സംഘത്തെ മലയാളിയായ പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക.വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് സുഖോയ് വിമാനപൈലറ്റാണ്.
ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, വിംഗ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരാണ് പ്രശാന്തിനൊപ്പം ഗഗൻയാത്ര ദൗത്യത്തിൽ പങ്കെടുക്കുന്നത്. നാലുപേരില് മൂന്നുപേരായിരിക്കും ബഹിരാകാശത്തേക്ക് പോവുക. നാല് പേരും ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമാരാണ്.ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് പോകുന്നവരുടെ പേരുകൾ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തി(വി.എസ്.എസ്.സി)ൽ നടന്ന ചടങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപിച്ചത്. മൂന്ന് പ്രധാന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കുന്നുണ്ട്.
വിളമ്പിൽ ബാലകൃഷ്ണൻ, കൂളങ്ങാട് പ്രമീള ദമ്പതികളുടെ മകനാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. 1999ലാണ് ഇദ്ദേഹം ഇന്ത്യൻ വ്യോമസേനയിൽ ചേർന്നത്. പാലക്കാട് അകത്തേത്തറ എൻജിനിയറിംഗ് കോളേജ് വിദ്യാർഥിയായിരിക്കേ ദേശീയ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. പിന്നീട് യുഎസ് എയർകമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി.
ഇന്ത്യൻ വ്യോമസേനയിൽനിന്ന് തിരഞ്ഞെടുത്ത നാല് ഫൈറ്റർ പൈലറ്റുമാരാണ് ഗഗൻയാൻ ദൗത്യത്തിനായി ഇന്ത്യയിലും വിദേശത്തും പരിശീലനത്തിലേർപ്പെട്ടിട്ടുള്ളത്. ഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ പി.എസ്.എൽ.വി ഇന്റഗ്രേഷൻ ഫെസിലിറ്റി, മഹേന്ദ്രഗിരിയിലെ ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ പുതിയ സെമി ക്രയോജനിക്സ് ഇന്റഗ്രേറ്റഡ് എൻജിനും സ്റ്റേജ് ടെസ്റ്റ് സൗകര്യവും, തിരുവനന്തപുരം വി.എസ്.എസ്.സിയിൽ ട്രൈസോണിക് വിൻഡ് ടണൽ എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ.