മൂന്നാർ: മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവ് കൊല്ലപ്പെട്ടു. കന്നിമല എസ്റ്റേറ്റ് സ്വദേശിയും ഓട്ടോറിക്ഷ ഓടിച്ചിരുന്ന മണിയാണ് മരിച്ചത്. മണിയെ കൂടാതെ കുട്ടിയുൾപ്പടെ അഞ്ച് പേർ ഓട്ടോറിക്ഷയിലുണ്ടായിരുന്നുവെന്നാണ് വിവരം.
ആനയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷയുടെ മുൻവശം തകർന്നതോടെ മണി ഒാട്ടോറിക്ഷയിൽ കുടുങ്ങിയിരുന്നു. പുറത്തിറങ്ങിയ മണിയെ വീണ്ടും ആന ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ തുരത്തിയ ശേഷം മണിയുൾപ്പടെയുള്ളവരെ ആശുപത്രിയിലെത്തിച്ചത്. സുരേഷ് കുമാറിന്റെ ഓട്ടോയിലുണ്ടായിരുന്നു യാത്രക്കാരില്‍ കന്നിമല സ്വദേശികളായ എസക്കി രാജ (45), ഭാര്യ റെജിന (39) എന്നിവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
എസക്കി രാജയുടെ മകള്‍ പ്രിയയുടെ സ്കൂള്‍ ആനിവേഴ്സറി കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു സംഭവം. ഇവരോടൊപ്പം രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നു. പ്രിയക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കാര്യമായ പരുക്കില്ല. മരിച്ച മണി ആയിരുന്നു ഓട്ടോ ഓടിച്ചിരുന്നത്. കന്നിമല എസ്റ്റേറ്റ് ബംഗ്ലാവിന് സമീപത്ത് വച്ചാണ് ഇവര്‍ കാട്ടാനയുടെ മുന്നിലകപ്പെട്ടത്. ഓട്ടോ കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തില്‍ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയില്‍ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തെറിച്ചു വീണ മണി തലയ്ക്ക് ഗുരുതര പരുക്കേറ്റാണ് മരിച്ചത്.
മണിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഇന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. കഴിഞ്ഞ മാസം 23ന് മൂന്നാര്‍ ഗുണ്ടുമലയിലും ഒരാള്‍ കാട്ടാന ആക്രമണത്തില്‍ കൊലപ്പെട്ടിരുന്നു. ഇതിനാല്‍ മൂന്നാറില്‍ തൊഴിലാളികളുടെ പ്രതിഷേധത്തിനു സാധ്യതയുണ്ട്.