കൊച്ചി: എക്സാലോജിക്കുമായി സിഎംആർഎൽ നിയമവിരുദ്ധ ഇടപാടുകൾ നടത്തുമ്പോൾ ഡയറക്ടർ ബോർഡിലെ കെഎസ്ഐഡിസി പ്രതിനിധി എന്തുചെയ്യുകയായിരുന്നുവെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനി എക്സാലോജിക്കിനെതിരായ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണത്തിനെതിരായ കെഎസ്ഐഡിസി ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷ വിമർശനം ഉയർത്തിയത്.
എസ്എഫ്ഐഒ അന്വേഷണത്തെ കെഎസ്ഐഡിസി ( കേരള വ്യവസായ വികസന കോര്പ്പറേഷന്) സ്വാഗതം ചെയ്യുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കെഎസ്ഐഡിസി പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ? എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് കെഎസ്ഐഡിസി ചെയ്യേണ്ടിയിരുന്നത്. നിങ്ങളുടെ നോമിനിക്കു സിഎംആർഎലിൽ നടന്നതെന്തെന്ന് അറിയില്ലെന്നതു ലോജിക്കൽ അല്ല. സത്യം കണ്ടെത്താനാണ് ശ്രമം. ഹൈക്കോടതി അഭിപ്രായപ്പെട്ടു. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
57 കമ്പനികളിൽ നിക്ഷേപമുണ്ടെന്ന് കെഎസ്ഐഡിസി ഹൈക്കോടതിയെ അറിയിച്ചു. തങ്ങൾക്ക് ബന്ധമില്ലാത്തതിനാൽ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാണ് കെഎസ്ഐഡിസി ഹർജിയിൽ ആവശ്യമുന്നയിക്കുന്നത്. എസ്എഫ്ഐഒ അന്വേഷണത്തെ എതിർക്കുന്ന കെഎസ്ഐഡിസി ഹർജി പരിഗണിക്കുന്നത് അടുത്ത മാസം 12ലേക്ക് മാറ്റി. ഹർജിയിൽ കക്ഷിചേരാൻ ഷോൺ ജോർജ് നൽകിയ അപേക്ഷയും അനുവദിക്കരുതെന്നുള്ള കെഎസ്ഐഡിസിയുടെ എതിർ സത്യവാങ്മൂലവും ഹൈക്കോടതി പരിശോധിക്കും.