മാനന്തവാടി : ബേലൂർ മഗ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിൻ്റെ കുടുംബം കർണാടക സർക്കാരിന്റെ നഷ്ടപരിഹാരത്തുക നിരസിച്ചു. കർണാടക പ്രഖ്യാപിച്ച 15 ലക്ഷം രൂപയാണ് കുടുംബം വേണ്ടെന്നു വെച്ചത്. നഷ്ടപരിഹാരം നൽകിയത് ബി.ജെ.പി കർണാടകയിൽ വിവാദമാക്കിയ സാഹചര്യത്തിലാണ് തീരുമാനം.
15 ലക്ഷം രൂപ നൽകുമെന്നാണ് കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്ര പ്രഖ്യാപിച്ചത്.നിലവിൽ കർണാടകയിൽ കാട്ടാന ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് നൽകുന്ന അതേ തുകയാണ് അജീഷിന്റെ കുടുംബത്തിനും നൽകുന്നത്. അജീഷിനെ കർണാടകക്കാരനായി കണക്കാക്കിയാണ് ധനസഹായം നൽകുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതായി ഈശ്വർ ഖന്ദ്ര പറഞ്ഞിരുന്നു.
എന്നാല്‍ കേരളത്തിലേക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെതിരെ കര്‍ണാടകയിലെ പ്രതിപക്ഷമായ ബി.ജെ.പി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഈ പണം തങ്ങള്‍ക്ക് വേണ്ടെന്ന നിലപാടില്‍ കുടുംബം എത്തിയത്. രാഹുല്‍ ഗാന്ധിയോടും കര്‍ണാടക സര്‍ക്കാറിനോടും നന്ദിയുണ്ടെന്നും എന്നാല്‍ വിവാദമുണ്ടായ സാഹചര്യത്തിലാണ് പണം നിരസിക്കുന്നതെന്നും കുടുംബം അറിയിച്ചു. ബിജെപിയുടേത് മനുഷ്യത്വരഹിത നടപടിയാണെന്ന് കുടുംബം ആരോപിച്ചു.
ഈ മാസം പത്താം തീയതിയായിരുന്നു അജീഷിനെ കാട്ടാന കൊലപ്പെടുത്തിയത്.മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. കര്‍ണാടക ഉടമസ്ഥതയിലുള്ള ആനയുടെ ആക്രമണത്തില്‍ ഒരാളുടെ ജീവന് നഷ്ടമായതിനെത്തുടര്‍ന്നാണ് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. അജീഷിന്റെ കുടുംബത്തെ രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. ഇതിന് ശേഷം രാഹുൽ കർണാടക മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ചത്.