തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. രാവിലെ സംസ്ഥാന എക്സിക്യൂട്ടീവും, സംസ്ഥാന കൗൺസിലും ചേരും. സി.പി.ഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. സംസ്ഥാന കൗൺസിലിന്റെ നിർദേശം അവഗണിച്ച് അരുൺ കുമാറിന്റെ പേര് പട്ടികയിൽ ഇല്ലാത്ത തരത്തിൽ പുതിയ പരിഗണനാ പട്ടിക കൊല്ലം കോട്ടയം ജില്ലാ കൗൺസിലുകൾ നൽകിയ മാവേലിക്കരയിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്.
തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ, വയനാട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. തിരുവനന്തപുരത്ത് പന്ന്യനും, മാവേലിക്കരയിൽ സി.എ അരുൺകുമാറും, തൃശ്ശുരിൽ വി.എസ് സുനിൽകുമാറും മത്സരിക്കട്ടെയെന്നാണ് പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. വയനാട്ടിൽ ആനി രാജയെ നിർത്താമെന്ന ശുപാർശയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിച്ചു. ജില്ലാ നേതൃയോഗങ്ങൾ ഇതിനൊപ്പം രണ്ട് പേരുകൾ കൂടി ചേർത്തു നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് പന്ന്യന് പുറമെ കെ. പ്രകാശ് ബാബു, സത്യൻ മൊകേരി എന്നീ പേരുകൾ കൂടി നൽകിയിട്ടുണ്ട്. എന്നാൽ പന്ന്യനിലേക്ക് എത്തിപ്പെടാനാണ് സാധ്യത.
മാവേലിക്കരയിൽ സി.എ അരുൺ കുമാറിന്റെ പേരാണ് സംസ്ഥാന നേതൃത്വം തയ്യാറാക്കിയത്. മുൻ എം.എൽ.എ കെ. അജിത്, മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ, സി.കെ ആശ എന്നീ പേരുകളും ജില്ലാ നേതൃത്വം നൽകുന്നുണ്ട്. അതിൽ കൊള്ള, കോട്ടയം ജില്ലാ കൗൺസിലുകളുടെ ആദ്യ പരിഗണനാ പട്ടികയിൽ അരുൺകുമാർ ഇല്ല. തൃശ്ശൂരിൽ വി.എസ് സുനിൽകുമാർ സ്ഥാനാർഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. കെ.പി രാജേന്ദ്രന്റെ പേര് കൂടി ജില്ലാ നേതൃത്വം നൽകുന്നുണ്ട്. വയനാട്ടിൽ ആനി രാജക്ക് ഒപ്പം സത്യൻ മൊകേരി, പി.പി സുനീർ എന്നീ പേരുകളാണ് പാർട്ടിയുടെ പരിഗണനയിലുള്ളത്. അന്തിമ തീരുമാനം ഇന്ന് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങളിലുണ്ടാവും.