ഹരിയാന : ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദള്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ നഫെ സിങ് റാത്തി വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ ബഹാദുര്‍ഗഡ് ടൗണില്‍ വെച്ചാണ് വെടിയേറ്റത്.
കാറിലെത്തിയ അക്രമികള്‍ മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു നഫെ സിങ് റാത്തിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ റാത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ് അറിയിച്ചു. സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളിലില്‍ യാത്ര ചെയ്യുന്നതിനിടെ വെടിയേറ്റാണ് മുന്‍ നിയമസഭാംഗം മരിച്ചതെന്ന് ഐഎന്‍എല്‍ഡി വക്താവ് രാകേഷ് സിഹാഗ് പറഞ്ഞു.
2023 ജനുവരിയില്‍ മുന്‍ മന്ത്രി മംഗേ റാം നമ്പര്‍ദാറിന്റെ മകനും ബിജെപി നേതാവുമായ ജഗദീഷ് നമ്പര്‍ദാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹരിയാന പൊലീസ് നഫെ സിങ് റാത്തിക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിസി സെക്ഷന്‍ 306 ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്.