ഇറ്റാനഗര്‍ : സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിര്‍ണായക മത്സരത്തില്‍ മേഘാലയയോട് സമനില വഴങ്ങി കേരളം. ഇതോടെ ഗ്രൂപ്പില്‍ മുന്‍ ചാമ്പ്യന്മാരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. കഴിഞ്ഞ മത്സരത്തില്‍ ഗോവയോട് കേരളം തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
മമത്സരത്തിന്റെ നാലാമത്തെ മിനിറ്റിൽ നരേഷിന്റെ ഗോളിലൂടെ മുന്നിലെത്തിയ കേരളം 76ാം മിനിറ്റില്‍ പെനാല്‍റ്റി വഴങ്ങിയതോടെ കളി സമനലയിലേക്ക് എത്തുകയായിരുന്നു. മത്സരത്തിന്റെ നാലാം മിനിറ്റില്‍ നരേഷ് ഭാഗ്യനാഥനാണ് കേരളത്തിനായി ഗോള്‍ നേടിയത്. റിസ്വാനലി നല്കിയ പാസ് നരേഷ് ഗോളാക്കി മാറ്റുകയായിരുന്നു.
ആക്രമണ പ്രത്യാക്രമണവുമായി ഇരു ടീമുകളും കളം നിറഞ്ഞെങ്കിലും ആദ്യ പകുതി കേരളത്തിന്റെ ലീഡോടെ അവസാനിച്ചു. 76ാം മിനിറ്റില്‍ ശരത് പ്രശാന്ത് ഷീന്‍ സ്റ്റീവന്‍സനെ വീഴ്ത്തിയതിന് മേഘാലയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പെനാല്‍റ്റി ഗോള്‍ കീപ്പര്‍ അസ്ഹര്‍ തടുത്തെങ്കിലും റീബൗണ്ട് വന്ന പന്ത് വലയിലെത്തുകയായിരുന്നു. ഇതോടെ സ്കോര്‍ 1-1 സമനിലയിലായി.
ആദ്യ മത്സരത്തില്‍ അസമിനെ 3-1 കീഴടക്കിയ കേരളത്തിന് ഈ ഫോം തുടര്‍ മത്സരങ്ങളില്‍ പുലര്‍ത്താനായില്ല. നിലവില്‍ പോയന്റ് പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്താണ്.