കൊച്ചി : മൂന്നാം സീറ്റിന് പകരം മുസ്ലിം ലീഗിന് കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി സൂചന. എന്നാല്‍ ലീഗ് ഇതില്‍ തീരുമാനം അറിയിച്ചിട്ടില്ല. ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങളുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനം അറിയിക്കാമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ അറിയിച്ചതായാണ് വിവരം. ഇക്കാര്യം കെപിസിസി പ്രസിഡന്റ് കെ സുധാകരന് സൂചിപ്പിച്ചു.
വിഡി സതീശന് പറഞ്ഞതാണ് തീരുമാനം. രാജ്യസഭ സീറ്റ് കിട്ടിയാല്‍ അവര്‍ എടുക്കുമെങ്കില്‍ അവര്‍ക്ക് അതു കൊടുക്കാമെന്ന് പറഞ്ഞെന്ന് കെ സുധാകരന് വ്യക്തമാക്കി. അതില്‍ ലീഗ് ഒകെ പറഞ്ഞിട്ടില്ല. സാദിഖലി തങ്ങളുമായി ചര്‍ച്ച ചെയ്തശേഷമേ ഇക്കാര്യത്തില്‍ മറുപടി പറയുകയുള്ളൂ. അങ്ങനെ വരുകയാണെങ്കില്‍ എഐസിസിയുടെ അനുമതിയോടു കൂടി അക്കാര്യം പരിഗണിക്കും. 27 ന് നടക്കുന്ന നേതൃയോഗത്തില്‍ രാജ്യസഭ സീറ്റിന്റെ കാര്യവും ചര്‍ച്ച ചെയ്യുമെന്നും കെ സുധാകരന് സൂചിപ്പിച്ചു.
ഉഭയകക്ഷി ചര്‍ച്ചയുടെ തീരുമാനം സംബന്ധിച്ച് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയോ പ്രതിപക്ഷ നേതാവ് വിഡി സതീശനോ വെളിപ്പെടുത്തലിന് തയ്യാറായിരുന്നില്ല. ചര്‍ച്ച തൃപ്തികരമാണെന്നു മാത്രമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ചര്‍ച്ച പോസിറ്റീവാണ്. കാര്യങ്ങളൊക്കെ തീര്‍ന്നുപോകും. 27 ന് ലീഗ് നേതൃയോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചര്‍ച്ചയില്‍ കോണ്‍ഗ്രസും ലീഗും സംതൃപ്തരാണ്. നെഗറ്റീവായിട്ടുള്ള ഒരു കാര്യവും നടക്കില്ലെന്നാണ് വിഡി സതീശന് അഭിപ്രായപ്പെട്ടത്. എത്രയോ വര്‍ഷത്തെ ബന്ധമുള്ള സഹോദരപാര്‍ട്ടികളാണ് മുസ്ലിം ലീഗും കോണ്‍ഗ്രസും. മുന്നണിയിലെ രണ്ടാമത്തെ പ്രധാന കക്ഷിയാണ് ലീഗ്. അതനുസരിച്ച് ഭംഗിയായി ചര്‍ച്ചകളൊക്കെ പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നും സതീശന് കൂട്ടിച്ചേര്‍ത്തു.