കൊല്ലം : മാവേലിക്കര ലോക്സഭ മണ്ഡലത്തില്‍ സിപിഐ സംസ്ഥാനഘടകം മുന്നോട്ടുവെച്ച അഡ്വ. സി എ അരുണ്‍കുമാറിനെ ഒഴിവാക്കി കൊല്ലം ജില്ലാ കൗണ്‍സില്‍. അരുണ്‍കുമാറിന്റെ പേരു വെട്ടിയ കൗണ്‍സില്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അടക്കം മൂന്നുപേരുടെ സാധ്യത സ്ഥാനാര്‍ത്ഥി പട്ടികയാണ് തയ്യാറാക്കിയത്.
അടൂര്‍ എംഎല്‍എ കൂടിയായ ചിറ്റയത്തിന്റെ പേരിനാണ് പട്ടികയില്‍ മുന്‍തൂക്കം. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍എസ് അനില്‍, ജില്ലാ പഞ്ചായത്ത് അംഗവും എഐവൈഎഫ് നേതാവുമായ പ്രിജി ശശിധരന് എന്നിവരാണ് ജില്ലാ കൗണ്‍സില്‍ തയ്യാറാക്കിയ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.
ചടയമംഗലം മണ്ഡലം സെക്രട്ടറി ഹരി വി നായരുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഞായറാഴ്ച ആലപ്പുഴ ജില്ലാ കൗണ്‍സില്‍ ചേര്‍ന്ന് അവിടെ നിന്നുള്ള പട്ടിക തയ്യാറാക്കും. സ്ഥാനാര്‍ത്ഥികളുടെ പാനല്‍ തയാറാക്കാന്‍ ഇന്നലെ ചേര്‍ന്ന കോട്ടയം ജില്ലാ കൗണ്‍സില്‍ തയ്യാറാക്കിയ മൂന്നംഗ പാനലിലും അരുണ്‍കുമാറിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല.
പാര്‍ട്ടി കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം നടന്നതാണ് അരുണ്‍ കുമാറിനെതിരെ സിപിഐയില്‍ നീക്കം നടക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃഷിമന്ത്രി പി പ്രസാദിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് നിലവില്‍ അരുണ്‍കുമാര്‍. മൂന്നു ജില്ലാ കൗണ്‍സിലുകളും നല്കിയ പട്ടിക പരിശോധിച്ച ശേഷമാകും സിപിഐ സംസ്ഥാന കൗണ്‍സില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക.