കൊച്ചി: ആലുവയിൽ ഇരട്ട കവർച്ച നടത്തിയ കേസിലെ പ്രതികളെ അജ്മീറിൽനിന്ന് പിടികൂടിയ പൊലീസ് സ്ക്വാഡിന് അംഗീകാരം. ആലുവ എസ്.ഐ ശ്രീലാലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിന് ഗുഡ് സർവീസ് എൻട്രിയും പ്രശംസാ പത്രവും നൽകി. പ്രതികളെ പിടികൂടിയ പൊലീസ് സംഘം ശനിയാഴ്ച ഉച്ചക്കാണ് മടങ്ങിയെത്തിയത്.
രണ്ടാഴ്ച മുമ്പ് ആലുവയിൽ ഇരട്ട കവർച്ച നടത്തി മുങ്ങിയ ഉത്തരാഖഡ് സ്വദേശികളായ ഡാനിഷ്, ഷഹ്ജാദ് എന്നിവരെ അജിമീറിൽനിന്ന് സാഹസികമായാണ് പൊലീസ് പിടികൂടിയത്. തോക്കും വെടിവെയ്പ്പും അതിജീവിച്ച് പ്രതികളെ പിടികൂടിയ ആലുവ സ്വകാഡിനെ ഗുഡ്സ് സർവീസ് എൻട്രിയും പ്രശംസാ പത്രവും നൽകിയാണ് റൂറൽ പൊലീസ് സ്വീകരിച്ചത്.
പ്രതികളെ പിടികൂടുന്നതിനിടെയുണ്ടായ അപ്രതീക്ഷിത അക്രമണം ലക്ഷ്യത്തെ ബാധിച്ചില്ലെന്ന് സംഘത്തലവൻ എസ്.ഐ ശ്രീലാൽ പറഞ്ഞു. സി.പി.ഒമാരായ മുഹമ്മദ് അമീർ, മഹിൻ ഷാ, മനോജ്, അജ്മൽ എന്നിവരടങ്ങുന്ന സംഘമാണ് 2500 കിലോമീറ്റർ സഞ്ചരിച്ച് പ്രതികളെ പിടികൂടിയത്. പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയും പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.നിലവിൽ അജ്മീർ പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതികൾ.