തിരുവനന്തപുരം: വ്രതം നോറ്റ് ഭക്തസാന്ദ്രമായി കാത്തിരുന്ന ആറ്റുകാൽ പൊങ്കാല ഇന്ന്. ആറ്റുകാലമ്മയുടെ പൊങ്കാല മഹോത്സവത്തിന് നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. പൊങ്കാലയർപ്പിക്കാൻ വിവിധ പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്തജനങ്ങൾ തലസ്ഥാനത്തെത്തിക്കഴിഞ്ഞു.
രാവിലെ 10 മണിക്ക് ശുദ്ധപുണ്യാഹത്തിന് ശേഷം പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. സഹമേൽശാന്തി വലിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിലേക്കും അഗ്നി പകരുമ്പോൾ മുഴങ്ങുന്ന ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും ഭക്തർ ഒരുക്കിയ അടുപ്പുകൾ ജ്വലിപ്പിക്കാനുള്ള വിളംബരമാകും. പണ്ടാര അടുപ്പിൽ നിന്ന് കത്തിക്കുന്ന ദീപമാണ് കിലോമീറ്ററുകളോളം നിരന്ന അടുപ്പുകളിലേക്ക് പകരുക.
2.30-ന് ഉച്ച പൂജയ്ക്കു ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. 300 ശാന്തിക്കാരെയാണ് നിവേദ്യത്തിനായി നിയോഗിച്ചിട്ടുള്ളത്. നിവേദ്യസമയത്ത് വായുസേനയുടെ ഹെലികോപ്റ്റർ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. രാത്രി മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. 27 ന് പുലർച്ചെ 12.30 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.