ന്യൂഡൽഹി: ഡൽഹി ചലോ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട യുവ കർഷകൻ ശുഭ്കരൺ സിംഗിന് നീതി ഉറപ്പാക്കുന്നതുവരെ പോസ്റ്റ്മോർട്ടം അനുവദിക്കില്ലെന്നുള്ള കടുത്ത നിലപാടിൽ കർഷക നേതാക്കൾ. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പഞ്ചാബ് സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. നീതി ഉറപ്പാക്കും വരെ ഹരിയാന- പഞ്ചാബ് അതിർത്തിയിൽ തുടരാനും തത്കാലം സമരം നിറുത്തിവയ്ക്കാനും തീരുമാനിച്ചു. അതേസമയം,
പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപ നഷ്ടപരിഹാരവും സഹോദരിക്ക് സർക്കാർ ജോലിയെന്ന വാഗ്ദാനവും കർഷകന്റെ കുടുംബം നിരസിച്ചു. നീതിയാണ് തേടുന്നതെന്നും പണവും ജോലിയും കൊണ്ട് താരതമ്യം ചെയ്യാനാകില്ലെന്നും കുടുംബം വ്യക്തമാക്കി. അതിനിടെ ഇന്നലെ പഞ്ചാബ് ബത്തിൻഡ ജില്ലയിലെ ദർശൻ സിംഗ് (62) ഹൃദയാഘാതത്താൽ മരിച്ചു. ഇതോടെ സമരത്തിനിടെ ഹൃദയാഘാതത്താൽ മരിച്ചവർ മൂന്നായി. പ്രതിഷേധക്കാർക്കെതിരെ ദേശീയ സുരക്ഷാനിയമം പ്രയോഗിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഹരിയാന പൊലീസ് പിന്മാറി. ഇതിനിടെ കർഷകരുടെ ആവശ്യങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി എത്തി.
കർഷകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ ഇന്നലെ കരിദിനം ആചരിച്ചു. അതേസമയം,സമവായ ചർച്ചയ്ക്ക് കേന്ദ്രസർക്കാർ നീക്കം ഊർജ്ജിതമാണ്. കർഷക നേതാക്കൾ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ട ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ, ഹരിയാനയിലെ ഹിസാറിൽ ഇന്നലെ കർഷകരും പൊലീസുമായി സംഘർഷമുണ്ടായി. ഖനൗരി ബോർഡറിലേക്ക് പോകുകയായിരുന്ന സമരക്കാർക്ക് നേരെ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. ഒട്ടേറെ പേരെ കസ്റ്റഡിയിലെടുത്തു. ഒരു പൊലീസുകാരന് പരിക്കേറ്റു.