കോഴിക്കോട്: കൊയിലാണ്ടിയിൽ കൊല്ലപ്പെട്ട സിപിഎം ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ ശരീരത്തിൽ ആഴത്തിലുള്ള ആറ് മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് കാരണം സത്യനാഥനും പ്രതി അഭിലാഷും തമ്മിലുള്ള വ്യക്തിവിരോധമെന്നാണ് പൊലീസ് നിഗമനം. കസ്റ്റഡിയിലുള്ള അഭിലാഷിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
കഴുത്തിലും നെഞ്ചിലും ഏറ്റ ആഴത്തിലുള്ള ആറ് മുറിവുകളാണ് മരണകാരണമായതെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. എന്നാൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എന്തെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. നിലവിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന വാഹനത്തിലെ ഡ്രൈവറായ അഭിലാഷ് സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന സൂചനയുമുണ്ട്. സംഭവ ശേഷം ക്ഷേത്ര പരിസരത്തുനിന്ന് രക്ഷപ്പെട്ട അഭിലാഷ് വൈകാതെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
സത്യനാഥന്റെ കൊലപാതകത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ലഹരി മരുന്ന് ഉൾപ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ചതിലുള്ള വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നും പാർട്ടി കരുതുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം കൊയിലാണ്ടി താലൂക്കിൽ ഹർത്താൽ ആചരിക്കുകയാണ്.