ബെർലിൻ: ജർമൻ ദേശീയ ടീം അവരുടെ സൂപ്പർ താരത്തെ തിരിച്ചു വിളിച്ചു. 2021ൽ ജർമൻ ടീമിൽ നിന്നും വിരമിച്ച റയൽ മാഡ്രിഡ് മിഡ്ഫീൽഡറായ ടോണി ക്രൂസിനോടാണ് അടുത്ത രാജ്യാന്തര മത്സരത്തിനായി ടീമിനൊപ്പം ചേരാൻ അവശ്യപ്പെട്ടിരിക്കുന്നത്. മാർച്ചിൽ ഫ്രാൻസിനെതിരെയും നെതർലൻഡ്സിനെതിരെയുമുള്ള സൗഹൃദ മത്സരത്തിൽ 34കാരനായ ക്രൂസ് ടീമിനായി കളിക്കും.
ഈ വർഷം ജർമനി ആതിഥേയത്വം വഹിക്കുന്ന യൂറോ കപ്പിൽ മികച്ച പ്രകടനമാണ് ടീം ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ടീമിന്റെ പ്രകടനം മികച്ചതായിരുന്നില്ല. 2014ൽ ലോകകപ്പ് നേടിയ ടീം 2018ലും 2022ലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. 2021ലെ യൂറോയിലും ടീമിന് മുന്നേറ്റമുണ്ടാക്കാനായില്ല. ഇതോടൊയാണ് ടോണി ക്രൂസ് വിരമിച്ചത്. എന്നാൽ സമീപ കാലയലവിൽ റയലിനായി നടത്തിയ മികച്ച പ്രകടനമാണ് താരത്തെ തിരിച്ച് വിളിക്കാൻ ജർമൻ കോച്ച് ജൂലിയസ് നാഗിൽസ്മാനെ പ്രേരിപ്പിച്ചത്. ജർമനിക്കായി 17 ഗോളുകളും 18 അസിസ്റ്റുകളും നേടിയിട്ടുണ്ട് ക്രൂസ്.