തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ അട്ടിമറി ജയമടക്കം തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയിൽ എൽഡിഎഫിന് ഉജ്വല മുന്നേറ്റം. സിറ്റിങ് സീറ്റ് നിലനിർത്തിയ ഇടതുമുന്നണി രണ്ടു വാർഡ് ബിജെപിയിൽനിന്ന് പിടിച്ചെടുത്തു. വർഷങ്ങളായി ബിജെപി വിജയിച്ചിരുന്ന തിരുവനന്തപുരം കോർപറേഷനിലെ വെള്ളാർ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ പനത്തുറ പി ബൈജു 157 വോട്ടിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന വെള്ളാർ സന്തോഷാണ് ഇത്തവണ ബിജെപിക്ക് വേണ്ടി മത്സരിച്ചത്.ബിജെപി അംഗമായിരുന്ന നെടുമം മോഹനൻ മരണപ്പെട്ടത്തിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡിൽ 59 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർഥി ഒ ശ്രീലജ വിജയിച്ചത്. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. നിലവിലെ പഞ്ചായത്തംഗമായ ബിജെപി അംഗം മഞ്ജുള സർക്കാർ ജോലിയിൽ പ്രവേശിച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ്.പഴയകുന്നുമ്മേൽ പഞ്ചായത്തിലെ അടയമൺ വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഐ എമ്മിലെ ആർച്ചാ രാജേന്ദ്രനാണ് വിജയിച്ചത്. സിപിഎം നേതാവ് കെ രാജേന്ദ്രന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.പൂവച്ചൽ പഞ്ചായത്തിലെ കോവിൽവിള വാർഡ് ബിജെപി നിലനിർത്തി. കെ രജനി 19 വോട്ടിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥിയുടെ ഭൂരിപക്ഷം 124 വോട്ടായിരുന്നു.