കോഴിക്കോട് : ക്ഷേത്രോത്സവത്തിനിടെ കൊല്ലപ്പെട്ട സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥിൻ്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഉച്ചയ്ക്ക് 12ന് ആരംഭിക്കും. വെങ്ങളത്തു നിന്നാണ് വിലാപ യാത്ര ആരംഭിക്കുന്നത്. തിരുവങ്ങൂർ, പൂക്കാട്, പൊയിൽക്കാവ് എന്നിവിടങ്ങളിൽ അന്ത്യാജ്ഞലി അർപ്പിച്ചതിനു ശേഷം വൈകിട്ട് മൂന്ന് മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കും. അഞ്ച് മണിക്ക് വീട്ടിലെത്തിക്കും ഏഴ് മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ഏരിയയിൽ സിപി എം ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. വ്യാഴം രാത്രി 10ന് പെരുവട്ടൂരിലെ ചെറിയപുരം ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ഗാനമേള നടക്കുന്നതിനിടെയാണ് സംഭവം. മഴുകൊണ്ട് വെട്ടിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ശരീരത്തിലാകമാനം മുറിവുണ്ട്. ഗുരുതരമായി പരിക്കേറ്റ സത്യനാഥിനെ നാട്ടുകാർ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പെരുവട്ടൂർ സ്വദേശി അഭിലാഷ് (33)നെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിൽ എടുത്തു.സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുള്ളതായാണ് സൂചന. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.ഭാര്യ: ലതിക. മക്കൾ: സലിൽ നാഥ്, സലീന. സഹോദരങ്ങൾ: വാരിജാക്ഷൻ, വിജയൻ, രഘുനാഥ്, സുനിൽകുമാർ.
സംഭവമറിഞ്ഞയുടൻ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ, കാനത്തിൽ ജമീല എംഎൽഎ അടക്കമുള്ള നേതാക്കൾ ആശുപത്രിയിലെത്തി. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി കൊയിലാണ്ടി പൊലീസ് അറിയിച്ചു.