ന്യൂഡൽഹി: കർഷക സമരത്തിനിടെ യുവകർഷകൻ കൊല്ലപ്പെട്ടതോടെ കർഷക സമരം കടുക്കുമെന്ന് സൂചന. ഇപ്പോഴത്തെ പ്രതിസന്ധിക്കും കർഷകന്റെ മരണത്തിനും പൂർണ ഉത്തരവാദി സർക്കാരാണെന്നു സംയുക്ത കിസാൻ മോർച്ച (എസ്കെഎം) ആരോപിച്ചു. ഹരിയാനയിൽ ഇന്നു റോഡ് തടയുമെന്നു കർഷക സംഘടനകൾ പ്രഖ്യാപിച്ചു.
സമരം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നു ചർച്ച ചെയ്യാൻ ദേശീയ കോ–ഓർഡിനേഷൻ കമ്മിറ്റിയും ജനറൽ ബോഡിയും ചേരും. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ‘ദില്ലി ചലോ’ മാർച്ച് 2 ദിവസത്തേക്കു നിർത്തിവയ്ക്കാനാണു തീരുമാനം. ഹരിയാന പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ പഞ്ചാബ് ഭട്ടിൻഡ സ്വദേശി ശുഭ് കരൺ സിങ്ങാണ് (21) മരിച്ചത്. ശുഭിന്റെ മരണത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നു പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് സിങ് മാൻ പറഞ്ഞു.
ശംഭു, ഖനൗരി അതിർത്തികളിലെ സംഘർഷങ്ങളിൽ 160ലേറെ കർഷകർക്കു പരുക്കേറ്റുവെന്നാണു വിവരം. ശംഭു അതിർത്തിയിൽ കണ്ണീർവാതകം പ്രയോഗിച്ചതോടെയാണു സംഘർഷം തുടങ്ങിയത്. കല്ലും കുപ്പികളുമായി കർഷകരും എതിർത്തു. ദത്താ സിങ്വാല അതിർത്തിയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വളഞ്ഞ കർഷകർ മുളകുപൊടി പ്രയോഗിച്ചുവെന്നും വടി കൊണ്ട് അടിച്ചുവെന്നും 12 പൊലീസുകാർക്കു പരുക്കേറ്റുവെന്നും ജിൻഡ് എസ്പി പറഞ്ഞു. കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവില വർധന ഉൾപ്പെടെ 12 ആവശ്യങ്ങളുമായി സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) എന്നീ സംഘടനകളാണു 13നു ‘ദില്ലി ചലോ’ മാർച്ച് ആരംഭിച്ചത്.
സമരക്കാരെ തടയാൻ ബാരിക്കേഡുകളും മുള്ളുവേലികളും മറ്റുമായി വൻ സന്നാഹം പൊലീസ് ഒരുക്കിയിട്ടുണ്ട്. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ 14,000ത്തിലേറെ കർഷകർ അണിനിരന്നിട്ടുണ്ടെന്നു പഞ്ചാബ് പൊലീസ് പറഞ്ഞു. 1200 ട്രാക്ടർ–ട്രോളികളും 300 കാറുകളും 10 മിനി ബസുകളും കർഷകർ അതിർത്തിയിൽ എത്തിച്ചിരുന്നു.