പുല്‍പ്പളളി : വയനാട് പുൽപ്പള്ളിയെ ഒന്നടങ്കം ആശങ്കയിലാക്കിക്കൊണ്ട് പട്ടാപ്പകൽ കടുവ ഇറങ്ങി. കുറിച്ചിപ്പറ്റയിലാണ് കടുവ ഇറങ്ങിയത്. കടുവയുടെ ആക്രമണത്തിൽ ഒരു പശു ചത്തു. ആളുകൾ നോക്കി നിൽക്കെ ആയിരുന്നു ആക്രമണം. കിളിയാങ്കട്ടയില്‍ ശശിയുടെ പശുക്കളെയാണ് കടുവ ആക്രമിച്ചത്.
ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവമുണ്ടായത്. ശശിയും സമീപവാസികളും വനത്തോട് ചേർന്നുള്ള വയലില്‍ പശുക്കളെ മേയ്ക്കുന്നതിനിടെയാണ് കടുവ ആക്രമിച്ചത്. മൂന്ന് പശുക്കളുമായാണ് ശശി എത്തിയത്. ഈ സമയം സമീപവാസികളും പശുക്കളുമായി ഇവിടെയുണ്ടായിരുന്നു. കാട്ടില്‍ നിന്നെത്തിയ കടുവ വയലിലുണ്ടായിരുന്ന പശുക്കളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
ആദ്യം പിടികൂടിയ പശു രക്ഷപെട്ടതോടെ രണ്ടാമത്തെ പശുവിനെ ആക്രമിക്കുകയായിരുന്നു. ശശിയും നാട്ടുകാരും ബഹളം വച്ചതോടെയാണ് പശുക്കളെ ഉപേക്ഷിച്ച് കടുവ വനത്തിലേക്ക് തിരിച്ചുപോയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഈ മേഖലയില്‍ കഴിഞ്ഞ കുറേക്കാലമായി കടുവയുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.