ന്യൂഡൽഹി: കോൺഗ്രസിൽനിന്ന് 65 കോടി രൂപ ഈടാക്കി ആദായനികുതി വകുപ്പ്. മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിലുള്ള തുകയിൽനിന്നാണ് ആദായ നികുതി വകുപ്പ് പിഴ ഈടാക്കിയത്. ട്രിബ്യൂണൽ വിധിക്ക് കാത്തുനിൽക്കാതെയാണ് ആദായനികുതി വകുപ്പിന്റെ നടപടിയെന്ന് കോൺഗ്രസ് പ്രതികരിച്ചു. നടപടിക്കെതിരെ കോൺഗ്രസ് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചു.
കഴിഞ്ഞയാഴ്ച ആദായനികുതി വകുപ്പ് കോൺഗ്രസുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. 2018-19 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ വൈകിയതിന്റെ പേരിലാണ് കോൺഗ്രസിനെതിരെ അസാധാരണ നടപടിയുണ്ടായത്. വിവിധ ബാങ്കുകളിലായുള്ള ഒമ്പത് അക്കൗണ്ടുകളാണ് മരവിപ്പിച്ചിരുന്നത്. 210 കോടി പിഴത്തുകയായി കിട്ടണമെന്നായിരുന്നു ആവശ്യം. പിന്നീട്, ദൈനംദിന സാമ്പത്തിക ഇടപാടുകൾ മുടങ്ങിയ സാഹചര്യം ചൂണ്ടിക്കാട്ടിയുള്ള കോൺഗ്രസിന്റെ പരാതി മുൻനിർത്തി ആദായനികുതി അപ്പലറ്റ് ട്രൈബ്യൂണൽ ഒരാഴ്ചത്തേക്ക് വിലക്ക് നീക്കിയിരുന്നു. ബുധനാഴ്ച പരാതി വിശദമായി പരിഗണിക്കാനിരിക്കെയാണ് ചൊവ്വാഴ്ച 65 കോടി രൂപ ഈടാക്കിയത്.