ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കേ റബര്‍ മേഖലയ്ക്കുള്ള സഹായം ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലേക്കുള്ള (2024-25, 2025-26) ധനസഹായം 576.41 കോടി രൂപയില്‍ നിന്ന് 708.69 കോടി രൂപയായാണ് ഉയര്‍ത്തിയത്.132 .28 കോടി രൂപയാണ് രണ്ടുവർഷത്തേക്ക് കേന്ദ്രം വർധിപ്പിച്ചത്.
വ്യവസായ മേഖലയ്ക്ക് പിന്തുണയേകാന്‍ അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി പരമ്പരാഗത മേഖലയില്‍ 12,000 ഹെക്ടറിലേക്ക് കൂടി റബര്‍ കൃഷി വ്യാപിപ്പിക്കും. ഇതിനായി 43.50 കോടി രൂപ ചെലവിലാകും റബര്‍ നടീല്‍. ഇതിനുള്ള സഹായനിരക്ക് ഹെക്ടറിന് 25,000 രൂപയെന്നത് 40,000 രൂപയായും കൂട്ടി. പാരമ്പര്യേതര മേഖലയിലെ 3,752 ഹെക്ടറിലുള്ള കൃഷി 18.76 കോടി രൂപ ചെലവില്‍ റബര്‍ കൃഷിക്ക് കീഴിലും ഇക്കാലയളവില്‍ കൊണ്ടുവരും.
ഹെക്ടറിന് 50,000 രൂപയുടെ നടീല്‍ വസ്തുക്കളും ഇതിനായി റബര്‍ ബോര്‍ഡ് നല്‍കും. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ‘ഇന്റോഡ്’ എന്ന പേരില്‍ നടത്തുന്ന റബര്‍ക്കൃഷി വ്യാപന പദ്ധതിക്ക് പുറമേയുള്ള പദ്ധതിയാണിത്. പാരമ്പര്യേതര പ്രദേശങ്ങളിലെ പട്ടികജാതി കര്‍ഷകര്‍ക്ക് ഹെക്ടറിന് രണ്ടുലക്ഷം രൂപ നിരക്കിലും നടീല്‍ സഹായം ലഭ്യമാക്കും.
നഴ്സറികള്‍ക്ക് 2.50 ലക്ഷം രൂപ
നിലവാരമുള്ള നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ പാരമ്പര്യേതര മേഖലകളില്‍ റബര്‍ ബോര്‍ഡ് നഴ്സറികളെ പ്രോത്സാഹിപ്പിക്കും. ഓരോ നഴ്സറിക്കും 2.50 ലക്ഷം രൂപ വീതം സഹായവും നല്‍കും. റബറിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനുള്ള പദ്ധതിക്കായി രണ്ടുവര്‍ഷത്തിനുള്ളില്‍ കേന്ദ്രം 35.60 കോടി രൂപയുടെ സഹായവും നല്‍കും. റബര്‍ കര്‍ഷകരുടെ ശാക്തീകരണത്തിനായി റബര്‍ ഉത്പാദക സംഘങ്ങളെ (RPS) പ്രോത്സാഹിപ്പിക്കും. അടുത്ത രണ്ടുവര്‍ഷത്തിനകം 250 പുതിയ ആര്.പി.എസുകള്‍ തുടങ്ങാനുള്ള സഹായവും നല്‍കും. ഇതിനുള്ള സഹായം 3,000 രൂപയില്‍ നിന്ന് 5,000 രൂപയുമാക്കി.
ലാറ്റക്സ് ശേഖരണത്തിനും ഡി.ആര്.സി പരിശോധന ഉപകരണങ്ങള്‍ക്കുമായി ഓരോ ആര്.പി.എസിനും 40,000 രൂപ സഹായം നല്‍കും. റബര്‍ ഷീറ്റുകളുടെ നിലവാരം ഉറപ്പാക്കാന്‍ ഗ്രൂപ്പ് പ്രോസസിംഗ് സെന്ററുകള്‍ സ്ഥാപിക്കും. റബര്‍ ഗവേഷണത്തിന് 29 കോടി രൂപയും നല്‍കും. റബര്‍ ബോര്‍ഡിനെ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യാന്‍ 8.91 കോടി രൂപയും കേന്ദ്രം നല്‍കും.