തിരുവനന്തപുരം : തിരുവനന്തപുരം പേട്ട ഓള് സെയിന്റ്സ് കോളജിന് സമീപത്തു നിന്നും കാണാതായ രണ്ടു വയസ്സുള്ള കുട്ടിയെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്. കുട്ടിയെ കാണാതായതിന് സമീപത്തുള്ള പൊന്തക്കാടുകളും ചതുപ്പുകളുമെല്ലാം പൊലീസ് അരിച്ചുപെറുക്കി. മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ രാത്രി 12 നും ഒരു മണിക്കും ഇടയിലാണ് കുട്ടിയെ കാണാതായതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കുട്ടിയെ സ്കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി എന്നാണ് കാണാതായ കുട്ടിയുടെ സഹോദരന് പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അന്വേഷണത്തിന്റെ ചുമതല തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഏറ്റെടുത്തു. കുട്ടിയെക്കുറിച്ച് കൃത്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. കുട്ടിയെ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം നടക്കുകയാണ്. നാടോടികളായ ബിഹാര്‍ സ്വദേശികളുടെ കുട്ടിയെയാണ് കാണാതായത്.
ഹൈദരാബാദില്‍ നിന്നാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്. ജില്ലാ അതിര്‍ത്തികളില്‍ അടക്കം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ സാധ്യതകളും പരിശോധിക്കുകയാണ്. കുട്ടിയുടെ കുടുംബത്തിനൊപ്പമുണ്ടായിരുന്ന നാടോടി സംഘത്തെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. എല്ലാവരും ഉറക്കത്തിലായിരുന്നതിനാല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
കുട്ടിയെ കണ്ടെത്താനായി അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷിക്കുന്നത്. കുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ സ്ഥലം എംഎല്‍എയായ ആന്റണി രാജുവിന്റെ കാലില്‍ കെട്ടിപ്പിടിച്ച് കുട്ടിയുടെ മുത്തശ്ശി കരഞ്ഞു. എങ്ങനെയെങ്കിലും കുട്ടിയെ കണ്ടെത്തണമെന്നാണ് മുത്തശ്ശി ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയെല്ലാം ബന്ധപ്പെട്ടിരുന്നതായും, വ്യക്തമായ സൂചനകള്‍ ഒന്നുമില്ലാത്തതിനാല്‍ എല്ലാ സാധ്യതകളും പരിശോധിച്ചു വരുന്നതായി ആന്റണി രാജു പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളില്‍ പൊലീസിന് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ആളൊഴിഞ്ഞ വീടുകള്‍, പറമ്പുകള്‍ എല്ലാം പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന് എഡിജിപി മേല്‍നോട്ടം വഹിക്കുന്നുണ്ടെന്ന് ആന്റണി രാജു പറഞ്ഞു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും സൂചന കിട്ടിയാല്‍ വിവരം അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. 0471-2743195 എന്ന നമ്പറിലേക്കോ 112 എന്ന പൊലീസ് കണ്ട്രോള് റൂമിലേക്കോ വിളിച്ച് അറിയിക്കാം. 94979 47107, 94979 60113, 94979 80015, 94979 96988 എന്നി നമ്പറുകളില്‍ വിളിച്ച് വിവരം അറിയിക്കാമെന്നും പൊലീസ് വ്യക്തമാക്കി.