കൽപറ്റ: വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനം പ്രതിഷേധിക്കുന്ന വയനാട്ടിലേക്ക് മന്ത്രിതല സംഘം പോകും. വനംമന്ത്രിയും റവന്യൂമന്ത്രിയും തദ്ദേശഭരണ വകുപ്പ് മന്ത്രിയും ഒപ്പമുണ്ടാകും. 20നാണ് യോഗം നടക്കുക. ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾ വിജയിപ്പിക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
വയനാട്ടിൽ ഒരാഴ്ചയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയാണ് പടമല പനച്ചിയിൽ അജീഷിനെ വീട്ടുമുറ്റത്ത് ബേലൂർ മഖ്ന എന്ന മോഴയാന ചവിട്ടിക്കൊന്നത്.വെള്ളിയാഴ്ചയാണ് കുറുവാ ദ്വീപിലെ വനം വാച്ചറായിരുന്ന പാക്കം വെള്ളച്ചാലിൽ പോളിനെ മറ്റൊരു കാട്ടാന ആക്രമിച്ചത്. വാരിയെല്ലിന് ഗുരുതര പരിക്കേറ്റ പോൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചു മരണത്തിന് കീഴടങ്ങുകയായിരുന്നു. ബേലൂർ മഗ്നയെ പിടികൂടാൻ ശ്രമം തുടരുകയാണ്. ദൗത്യം വിജയിക്കാത്തതിനാൽ മയക്കുവെടിവെക്കാൻ ശ്രമം തുടരും. ദൗത്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. പ്രതിപക്ഷം തന്റെ രാജി ആവശ്യപ്പെടുന്നത് ആത്മാര്‍ഥതയില്ലായ്മ മൂലമാണെന്നും മന്ത്രി പ്രതികരിച്ചു.