കൊച്ചി : പരമാവധി സീറ്റുകൾ നേടാനായി പോളിറ്റ് ബ്യുറോ അംഗവും കേന്ദ്ര കമ്മറ്റിയംഗങ്ങളും അടക്കം മുതിർന്ന നേതാക്കളെ കളത്തിലിറക്കാൻ സിപിഎം.സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളിൽ അതത് ജില്ലാ കമ്മറ്റികൾ സിപിഎം സെക്രട്ടറിയേറ്റിന് മുന്നിൽ വെച്ച്, സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത പട്ടികയിലെ പേരുകളാണ് പുറത്ത് വന്നത്. എംപിയും എംഎൽഎമാരും , ജില്ലാ സെക്രട്ടറിമാരുമടക്കം മുതിർന്ന നേതാക്കൾ അടക്കം പ്രമുഖരെയാണ് സിപിഎം മത്സരരംഗത്തിറക്കുന്നത്.
പിബി അംഗം എ വിജയരാഘവൻ, കേന്ദ്രകമ്മറ്റിയംഗങ്ങളായ തോമസ് ഐസക്, കെ രാധാകൃഷ്ണൻ, എളമരം കരീം, കെകെ ശൈലജ എന്നിവരാണ് പട്ടികയിൽ ഉള്ളത്. പാലക്കാട്ടാണ് മുൻ എംപി കൂടിയായ എ വിജയരാഘവനെ പരിഗണിക്കുന്നത്. മത്സരിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞെങ്കിലും മണ്ഡലം തിരികെ പിടിക്കാനായി ആലത്തൂരിൽ കെ രാധാകൃഷ്ണൻ തന്നെ മത്സരിക്കണമെന്നാണ് സെക്രട്ടറിയേറ്റ് ധാരണ. മുൻ മന്ത്രിമാരായ തോമസ് ഐസക് പത്തനംതിട്ടയിലും കെകെ ശൈലജ എംഎൽ.എ വടകരയിലും മത്സരിക്കും.
കോഴിക്കോട്ട് കേന്ദ്ര കമ്മറ്റിയംഗവും നിലവിലെ രാജ്യസഭാ എംപിയുമായ എളമരം കരീമാണ് ജില്ലാകമ്മറ്റിയുടെ ആദ്യ പരിഗണനാ പട്ടികയിൽ ഉള്ളത്. കൊല്ലത്ത് നടനും എംഎൽഎയുമായ മുകേഷ് മത്സരിക്കാനാണ് ധാരണ. ആലപ്പുഴയിൽ സിറ്റിംഗ് എംപി എ എം ആരിഫ് തന്നെ വീണ്ടും ഇറങ്ങും. ആറ്റിങ്ങലിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ വി ജോയ്, കണ്ണൂരിൽ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനും കാസർഗോഡ് എൻവി ബാലകൃഷ്ണനും മത്സരിക്കുമെന്നാണ് അറിവ്. ഇടുക്കി, മലപ്പുറം , എറണാകുളം, ചാലക്കുടി സീറ്റിൽ ധാരണ ആയില്ല. ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് ചേരുന്നുണ്ട്. ഈ സീറ്റുകളിൽ ഇന്ന് ധാരണയായേക്കും.