പുൽപ്പള്ളി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിൻ്റെ മൃതദേഹം പുൽപ്പള്ളിയിൽ എത്തിച്ചു. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. മുള്ളൻകൊല്ലി ഫൊറോനയിലെ വൈദികരാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നത്.
ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നാണ് നാട്ടിലേക്ക് കൊണ്ടുപോയത്. നഷ്ടപരിഹാരം, കുടുംബത്തിൽ ഒരാൾക്ക് ജോലി തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചാലെ മൃതദേഹം ഏറ്റു വാങ്ങു എന്ന നിലപാടിലാണ് ബന്ധുക്കൾ. ഇന്നലെ രാവിലെയാണ് വനം വകുപ്പിൻ്റെ ഇക്കോ ടൂറിസം സെൻ്ററിലെ താൽക്കാലിക ജീവനക്കാരനായിരുന്ന പോളിനെ കുറുവ ദ്വീപിനു സമീപത്ത് വച്ച് കാട്ടാന ആക്രമിച്ചത്.
ആദ്യം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അതേ സമയം വയനാട്ടിൽ തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. എൽഡി എഫും യു ഡിഎഫും ബി ജെ പിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.