ന്യൂഡല്‍ഹി : വിഖ്യാത ഇന്ത്യന്‍ പാചക വിദഗ്ധന്‍ ഇംതിയാസ് ഖുറേഷി അന്തരിച്ചു. 93 വയസായിരുന്നു. സെലിബ്രിറ്റി ഷെഫ് ആയ കുനാല്‍ കപൂറാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
പത്മശ്രീ പുരസ്കാര ജേതാവ് ഇംതിയാസ് ഖുറേഷി ഐടിസി ഹോട്ടല്‍ ശൃംഖലയുടെ പാചകകലയിലെ നെടുംതൂണായിരുന്നു. ലഖ്നൗ- അവധ് പാചകകലയില്‍ വിദഗ്ധനായിരുന്നു. ധം ബിരിയാണിയുടെ മികവാണ് ഇംതിയാസ് ഖുറേഷിയെ പ്രശസ്തിയില്‍ എത്തിക്കുന്നത്.
2016ലാണ് പാചര കലയില്‍ വൈദഗ്ധ്യത്തിന് ഇംതിയാല് ഖുറേഷിയെ തേടി പത്മ പുരസ്കാരം എത്തുന്നത്. പാചക കലയില്‍ പത്മ പുരസ്കാരത്തിന് അര്‍ഹനാവുന്ന ആദ്യത്തെ വ്യക്തിയാണ് ഇംതിയാസ്. രാഷ്ട്രപതിമാര്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും വിദേശരാഷ്ട്രത്തലവന്മാര്‍ക്കും ഉള്‍പ്പടെ ഭക്ഷണം പാകം ചെയ്തിട്ടുണ്ട്. സിനിമാ- സമൂഹ്യ രംഗത്തെ നിരവധി പേരാണ് മാസ്റ്റര്‍ ഷെഫിന് ആദരാഞ്ജലി അര്‍പ്പിക്കുന്നത്.