മാനന്തവാടി : കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന് മതിയായ ചികിത്സ കിട്ടിയില്ലെന്ന പരാതിയുമായി മകള്‍. ആശുപത്രിയിൽ നിന്ന് ചികിത്സ വൈകിപ്പിച്ചുവെന്നും കോഴിക്കോടെത്തിക്കാൻ വൈകിയെന്നുമാണ് പോളിന്റെ മകള്‍ സോന മാധ്യമങ്ങളോട് പറഞ്ഞത്.
മാനന്തവാടിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് വേണ്ട ചികിത്സ കിട്ടിയില്ല. കോഴിക്കോടേക്ക് എത്തിക്കാൻ വൈകി. വേണ്ട ചികിത്സാ കൊടുക്കാൻ ഉള്ള സൗകര്യങ്ങൾ ഇല്ലെങ്കിൽ രോഗിയെ അവിടെ വെക്കരുതായിരുന്നുവെന്നും സോന പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മകള്‍ പറഞ്ഞു ആർക്കും ആ ഗതി വരരുതെന്ന്. പക്ഷേ അതെ ഗതി എനിക്കും വന്നിരിക്കുകയാണിപ്പോള്‍. എനിക്ക് എന്റെ അച്ഛനെ നഷ്ടമായി. സൗകര്യങ്ങൾ ഇല്ലായിരുന്നെങ്കിൽ അച്ഛനെ പെട്ടെന്ന് അവിടെ നിന്ന് മാറ്റണമായിരുന്നുവെന്നും സോന പറഞ്ഞു.
വയനാട്ടിൽ മനുഷ്യ ജീവന് യാതൊരു വിലയുമില്ലേ എന്നാണ് സോന ചോദിക്കുന്നത്. വയനാട് ശരിക്കും വന്യമൃഗങ്ങള്‍ക്കുള്ളതാണോ അതോ മനുഷ്യര്‍ക്കുള്ളതാണോ. ഇവിടെ ജീവിക്കുന്ന മനുഷ്യര്‍ക്ക് അല്പം പരിഗണന നല്‍കണം. വയനാട്ടിൽ മനുഷ്യ ജീവന് യാതൊരു വിലയുമില്ലേ? ഇവിടെ മനുഷ്യരേക്കാള്‍ കൂടുതല്‍ വന്യമൃഗങ്ങളാണുള്ളതെന്നാണ് തോന്നുന്നത്.- സോന കൂട്ടിച്ചേര്‍ത്തു.
കുറുവ ദ്വീപിലെ ജീവനക്കാരനായ പാക്കം സ്വദേശി പോള്‍ ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രാവിലെ 9.30ന് ചെറിയമല ജംക്ഷനില്‍ വച്ചാണ് പോളിനെ കാട്ടാന ആക്രമിച്ചത്. ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോള്‍ ഭയന്നോടുകയായിരുന്നു. പുറകേയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചില്‍ ചവിട്ടി. വാരിയെല്ലിന് പൊട്ടലേറ്റു.