ന്യൂഡല്‍ഹി: ജമ്മു കശ്മീരിൽ ‘ഇൻഡ്യ’ സഖ്യമില്ല .വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഫാറൂഖ് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസ് ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കും. തൻ്റെ പാർട്ടി എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള പറഞ്ഞു. അഞ്ചു സീറ്റിലും പാർട്ടി മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ‘ഇൻഡ്യ’ മുന്നണിയുടെ എല്ലാ യോഗങ്ങളിലും പങ്കെടുത്തിട്ടുള്ള ഫാറൂഖ് അബ്ദുള്ള പക്ഷേ പാര്‍ട്ടിയുടെ പെട്ടെന്നുള്ള ഈ തീരുമാനമെടുത്തതെന്ന് വിശദീകരിച്ചില്ല.
മറ്റ് രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കാതെ നാഷണൽ കോൺഫറൻസ് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഇന്ത്യാ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. എന്നാൽ എൻഡിഎയിലേക്ക് മടങ്ങാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ലെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.കഴിഞ്ഞ മാസം ജമ്മു മേഖലയിലെ നാഷണൽ കോൺഫറൻസിൻ്റെ നിരവധി പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേർന്നിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും നാഷണൽ കോൺഫറൻസും മൂന്ന് സീറ്റുകൾ വീതമാണ് നേടിയിരുന്നത്.