തിരുവനന്തപുരം: ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യുന്നതിന് കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ 62-ാം വകുപ്പിൽ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ട് നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. വന്യജീവികൾ ജനവാസ മേഖലകളിലിറങ്ങി മനുഷ്യജീവനും സ്വത്തിനും കൃഷിക്കും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണിത്. വനംമന്ത്രി എ.കെ.ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്.
ജനവാസ മേഖലകളിലിറങ്ങുന്ന ആക്രമണകാരികളായ വന്യജീവികളെ നശിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും തടസമാവുന്ന കർശന വ്യവസ്ഥകളടങ്ങിയ കേന്ദ്ര വന്യജീവി സംരക്ഷണ നിയമവും ചട്ടങ്ങളും മാനദണ്ഡങ്ങളും കാലാനുസൃതമായും പ്രായോഗിക വ്യവസ്ഥകൾ ഉൾപ്പെടുത്തിയും ഭേദഗതി ചെയ്യണം. ജനങ്ങൾക്ക് ഭീതികൂടാതെ സമാധാനപരമായി ജീവിക്കുന്നതിനുള്ള സാഹചര്യം നിലനിറുത്തേണ്ടതുണ്ട്. പ്രതിപക്ഷ അംഗങ്ങളുടെ ഏതാനും ഭേദഗതികൾ അംഗീകരിച്ചാണ് പ്രമേയം പാസാക്കിയത്. എന്നാൽ, വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് 50ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നതടക്കം ഭേദഗതികൾ സ്വീകരിച്ചില്ല.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം
1.വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായാൽ മയക്കു വെടിവച്ച് പിടിക്കാൻ ഉത്തരവിടാനുള്ള അധികാരം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർക്ക് നൽകണമെന്നും പ്രമേയം. നിലവിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് അധികാരം.
2.വന്യജീവി ആക്രമണം തടയുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണം. കാട്ടുപന്നിയെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ 62-ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം
3.വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകുന്നത് തടയാൻ അവയുടെ പ്രജനനത്തിന് നിയന്ത്രണം കൊണ്ടുവരണം