ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എല്‍ മുരുഗന് എന്നിവര്‍ വീണ്ടും രാജ്യസഭയിലെത്തും. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയിലും മുരുഗന് മധ്യപ്രദേശില്‍ നിന്നുമാണ് മത്സരിക്കുക.
ഇരുവര്‍ക്കും ഇത് രണ്ടാം ടേമാണ്. ഒഡീഷ ഭരിക്കുന്ന ബിജു ജനതാദള്‍ അശ്വിനി വൈഷ്ണവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മുന്‍ ഐഎഎസ് ഓഫീസര്‍ കൂടിയായ അശ്വിനി വൈഷ്ണവ് വീണ്ടും രാജ്യസഭയിലെത്തും. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രിയാണ് തമിഴ്നാട്ടുകാരനായ ഡോ. എല്‍ മുരുഗന്. മുരുഗനെ കൂടാതെ മധ്യപ്രദേശില്‍ നിന്നും ഉമേഷ് നാഥ് മഹാരാജ്, മായാ നരോല്യ, ബന്‍സിലാല്‍ ഗുര്ജ്യര് എന്നിവരും മത്സരിക്കും. മധ്യപ്രദേശില്‍ നാല് ഒഴിവുകളാണുള്ളത്. ഇതില്‍ മൂന്നെണ്ണം ബിജെപിക്ക് വിജയിക്കാനാകും.