മൂന്നാർ: ഹൈറേഞ്ചിന്റെ ലോകകപ്പ് എന്നറിയപ്പെടുന്ന ഫിൻലേ ഷീൽഡ് ഫുട്ബോൾ ടൂർണമെൻറിന് വിസിൽ മുഴങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. ഫെബ്രുവരി 24ന് ഉച്ചക്ക് 2.30ന് മൂന്നാർ ടാറ്റാ സ്പോർട്സ് ഗ്രൗണ്ടിൽ ആദ്യ മൽസരത്തിനായി കളിക്കാർ ഇറങ്ങും. മാർച്ച് 9നാണ് ഫൈനൽ. 75 എഡീഷനുകളിൽ മത്സരം നടന്ന, കേരളത്തിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റുകളിൽ ഒന്നാണ് ഫിൻലേ ഷീൽഡ്.
ഹൈറേഞ്ച് നിവാസികൾക്ക് ഗ്രഹാതുരത്വം ഉണർത്തുന്നതാണ് മൂന്നാറുകാർ മാച്ച് എന്ന് വിളിക്കുന്ന ഫിൻലേ ഷീൽഡ്. കണ്ണൻ ദേവൻ കമ്പനിയുടെയും മലയാളം പ്ലാന്റേഷൻ , തലയാർ കമ്പനിയുടെയും എസ്റ്റേറ്റുകളിലെ ടീമുകളാണ് മുമ്പ് മൽസരിച്ചിരുന്നത്. മാനേജറും തൊഴിലാളികളും ഒന്നിച്ച് ജേഴ്സി അണിഞ്ഞ് കളിക്കാൻ ഇറങ്ങിയിരുന്ന ദിവസങ്ങൾ. ആവേശം പകരാൻ അതാത് എസ്റ്റേറ്റുകളിൽ നിന്നുള്ള സ്ത്രീ തൊഴിലാളികളും എത്തും. മൂന്നാർ ടൗണിൽ നിന്നുള്ള വ്യാപാരികളും ഡ്രൈവറന്മാരും തുടങ്ങി സർവരും ഉച്ച കഴിഞ്ഞ് മാച്ച് കാണാൻ ഗ്രൗണ്ടിലേക്ക്. വിദ്യാർഥികളുടെയും മനസ് ഗ്രൗണ്ടിലാകും. സ്കുളിൽ ലോംഗ് ബെൽ മുഴങ്ങുന്നതും കുട്ടികൾ ഗ്രൗണ്ടിലെത്തിയിരിക്കും.
മൂന്നാർ വർക്ഷോപ്പ്, സെവന്മല എന്നിവരായിരുന്നു വമ്പൻ ടീമുകൾ. നല്ലതണ്ണി, ചൊക്കനാട് തുടങ്ങിയ ടീമുകളും മികച്ചവയായിരുന്നു. കളിക്കളത്തിന് പുറത്തും മൽസരമുണ്ടായിരുന്നു. അതു കളിക്കാരെ കണ്ടെത്താൻ വേണ്ടിയുള്ളതായിരുന്നു. വർക്ഷോപ്പ് മാനേജർ എൻ എസ് എസ് മൂർത്തി കളിക്കാരനല്ലെങ്കിലും നല്ല കളിക്കാരെ തേടി പിടിച്ച് വർക്ഷോപ്പിൽ ജോലി നൽകും. നല്ലതണ്ണി മാനേജരും ഇടക്കാലത്ത് എറണാകുളത്ത് നിന്നും ഏതാനും കളിക്കാർക്ക് എസ്റ്റേറ്റിൽ ജോലി നൽകി. അങ്ങനെ നിരവധി പേർ. വിവിധ എസ്റ്റേറ്റുകളിൽ മാനേജരായിരിക്കെ ബി. വിജയകുമാർ അതാത് ടീമിലുണ്ടാകും. വേറെയും ചില മാനേജർമാർ കളിക്കാനിറങ്ങാറുണ്ട്. ‘ദ്വര’ കളിക്കാനിറങ്ങുേമ്പാൾ തൊഴിലാളികൾക്കും ആവേശം.
ഇടുക്കി ഡി എഫ് എ പ്രസിഡൻറായിരുന്ന ബി.വിജയകുമാറാണ് ടാറ്റാ ടീ ഫുട്ബോൾ ടീം തയ്യാറാക്കിയത്. നിരവധി നല്ല കളിക്കാർക്ക് ഇതു വഴി ടാറ്റാ ടീയിൽ ജോലി ലഭിച്ചു. ചിലർ സംസ്ഥാന ടീമിൽ ഇടം പിടിച്ചു. മൂന്നാർ ഹൈസ്കൂളിൽ നിന്നും എത്രയോ മികച്ച താരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ചില റഫറിമാരും ശ്രദ്ധിക്കപ്പെട്ടു. കളിക്ക് പിന്നാലെ അടി പൊട്ടുന്നതും പതിവായിരുന്നു. സ്ത്രീകൾ കളി പറഞ്ഞു കൊടുക്കുന്നതാണ് മറ്റൊരു വിശേഷം. പന്ത് മിസാക്കിയാൽ നല്ല ചീത്ത പറയാനും മടിച്ചിരുന്നില്ല.
കേരളത്തിലെ പഴക്കം ചെന്ന ടൂർണമെൻറുകളിലൊന്നാണ് ഫിൻലേ ഷീൽഡ്. 1900ലാണ് കണ്ണൻ ദേവൻ കമ്പനിയിലെ മാനേജർമാർക്കായി വിവിധ മൽസരങ്ങൾ ആരംഭിക്കുന്നത്. 1929 ഏപ്രിൽ 23ന് ഫുട്ബോൾ മൽസരങ്ങൾ നടന്നതായി എ.എഫ്എഫ് മാർട്ടിൻ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് തൊഴിലാളികൾ ടീമിലുണ്ടായിരുന്നവോ എന്ന് വ്യക്തമല്ല. എന്നാൽ, ഫിൻലേ ഷീൽഡ് ആരംഭിച്ചത് 1941ലാണെന്നാണ് വിവരം. പ്ലേഗും കോളറയും പടർന്ന് പിടിച്ച വർഷങ്ങളിൽ കളി നടന്നില്ല. കോവിഡിനെ തുടർന്ന് 2021,2022 വർഷങ്ങളിലും കളി മുടങ്ങി. 2002ൽ 57ാമത് ടൂർണമൻറായിരുന്നു. അന്ന് സെവന്മലയായിരുന്നു ജേതാക്കൾ. അങ്ങനെയെങ്കിൽ ഇതു 77ാമത് ടൂർണമെൻറ്..
കോവിഡിനെ തുടർന്ന് രണ്ടു വർഷം മുടങ്ങിയില്ലായിരുന്നുവെങ്കിൽ 79 ാമത് പതിപ്പാകുമായിരുന്നു.
എന്തായാലും 75 വർഷങ്ങൾ പിന്നിട്ട ഫിൻലേ ഷീൽഡ് ഹൈേറഞ്ചുകാരുടെ ആവേശമാണ്. അഥവാ ഹൈറേഞ്ചിെൻറ ലോകകപ്പ്. കണ്ണൻ ദേവൻ കമ്പനിയുടെ ഭരണ സൗകര്യർഥം എസ്റ്റേറ്റുകളുടെ എണ്ണം കുറച്ചപ്പോൾ ടീമുകളും കുറഞ്ഞു. ചാമ്പ്യൻ ടീമായ സെവൻമലയും വർക്ഷോപ്പും ചൊക്കനാടുമൊന്നും ഇപ്പോഴില്ല. പഴയത് പോലെ ടൗണിൽ നിന്നുള്ള ആരാധകരും ഇല്ല.