ന്യൂഡൽഹി : സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടി കുറച്ച വിഷയത്തിൽ കേരളവുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ. ചർച്ചയ്ക്ക് തയ്യാറാണെന്ന് കേരളവും സുപ്രീംകോടതിയിൽ അറിയിച്ചു. ചര്‍ച്ചയിലെ തീരുമാനം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.
സാമ്പത്തിക വിഷയത്തിൽ കേരള , കേന്ദ്ര സർക്കാരുകൾക്ക് ചർച്ച നടത്തി പരിഹാരം കണ്ടെത്തികൂടേയെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. കേന്ദ്രവുമായി ചർച്ചക്ക് തയ്യാറാണെന്ന് കേരളം മറുപടി നൽകി. ഇന്ന് തന്നെ ചര്‍ച്ചക്ക് തയ്യാറാണെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. ഉച്ചയ്ക്ക് കേസ് പരിഗണിച്ചപ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍ ആണെന്ന് കേന്ദ്രവും സുപ്രീംകോടതിയെ അറിയിച്ചു.കേരളത്തിന്റെ സംഘം നാളെ ഡല്‍ഹിയില്‍ എത്തുമെന്നും, നാളെ തന്നെ ചര്‍ച്ച ആരംഭിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.
ധനകാര്യ മന്ത്രി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ച സാഹചര്യത്തില്‍ അടിയന്തിരമായി ചര്‍ച്ച ആവശ്യമാണെന്ന് കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കപില്‍ സിബലിന് പുറമെ, കേരളത്തിന്റെ അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പും സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശിയും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായി. തിങ്കളാഴ്ച ഉച്ചയ്ക്ക്ശേഷം കേരളത്തിന്റെ ഹർജി വീണ്ടും പരിഗണിക്കും.