കൊച്ചി: ഭ്രമയുഗം സിനിമക്ക് നൽകിയ സെൻസർ സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കുഞ്ചമണ്‍ ഇല്ലത്തെ പി.എം ഗോപിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് ഇല്ലപ്പേരും കഥാപാത്രത്തിന്റെ പേരും അണിയറ പ്രവർത്തകർ തീരുമാനിച്ചതെന്ന് ഹർജിയിൽ പറയുന്നു.
ദുർമന്ത്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമ റിലീസ് ചെയ്താൽ കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കും. അതിനാൽ സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യം. രാഹുൽ സദാശിവൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമയിലെ പ്രധാന കഥാപാത്രമായ കുഞ്ചമൺ പോറ്റി ദുർമന്ത്രവാദമടക്കമുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നതായാണ് ചിത്രികരിച്ചിരിക്കുന്നത്. ഇത് തങ്ങളുടെ കുടുംബത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്നാണ് ഹരജിക്കാരന്റെ വാദം.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലാണ് കുഞ്ചമണ്‍ പോറ്റിയെ കുറിച്ച് പറയുന്നത്. ആഭിചാരക്രിയ ചെയ്ത് ആദ്യമായി ചാത്തനെ നേരിട്ട് വരുത്തിയ ആളായാണ് കുഞ്ചമണ്‍ പോറ്റിയെ ഐതീഹ്യമാലയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എഴുത്ത് കൊടുത്ത് ചാത്തനോട് അവധി പറയുന്ന പതിവും കുഞ്ചമന്‍ പോറ്റിക്കുണ്ട്. കടമറ്റത്ത് കത്തനാരുടെ അടുത്ത സുഹൃത്തായിരുന്ന കുഞ്ചമണ്‍ പോറ്റി പിന്നീട് അദ്ദേഹവുമായി തെറ്റിയതായും പറയുന്നുണ്ട്.
അതേസമയം, ഇത് കുഞ്ചമണ്‍ പോറ്റിയുടെ കഥയല്ലെന്ന് സംവിധായകന് രാഹുല്‍ സദാശിവന് നേരത്തെ വ്യക്തമാക്കിയിരുന്നു. കുഞ്ചമണ്‍ പോറ്റിയുടെ പേരില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചതോടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. ഫെബ്രുവരി 15നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും 2024ന്റെ തുടക്കത്തിൽ ‘The Age of Madness’ എന്ന ടാഗ്ലൈനോടെ പുറത്തുവിട്ട ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററും സ്വീകാര്യത നേടിയിരുന്നു.