കൊച്ചി : തൃപ്പൂണിത്തുറ പുതിയകാവിലുണ്ടായ സ്ഫോടനത്തിൽ ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന ദിവാകരന് (550 ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദിവാകരന്. സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ രണ്ടായി. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് നേരത്തെ മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ് നാല് പേരില്‍ ഒരാളാണ് ദിവാകരന്. അപകടത്തില്‍ മൊത്തം 16 പേര്‍ക്കാണ് പരിക്കേറ്റത്. മറ്റുള്ളവര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് രാവിലെ പുതിയകാവ് ചൂരക്കാട് ഭാഗത്ത് സ്ഫോടകവസ്തുക്കള്‍ ശേഖരിച്ച് വച്ചിരുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടക വസ്തുക്കള്‍ വാഹനത്തില്‍ നിന്ന് പടക്കപ്പുരയിലേക്ക് എടുത്തുവെയ്ക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്.
പടക്കപ്പുരയില്‍ ഉണ്ടായിരുന്നവര്‍ക്കും സ്ഫോടക വസ്തുക്കള്‍ ഇറക്കാന്‍ സഹായിച്ചവര്‍ക്കുമാണ് പരിക്കേറ്റത്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 400 മീറ്റര്‍ ദൂരം വരെ സ്ഫോടക വസ്തുക്കള്‍ തെറിച്ചുവീണു. സ്ഫോടക വസ്തുക്കള്‍ തെറിച്ച് വീണാണ് ചുറ്റുമുള്ള വീടുകളില്‍ നാശനഷ്ടം സംഭവിച്ചത്.