മലപ്പുറത്തിന്റെ സമുന്നതനായ നേതാവാണ് ആര്യാടന് മുഹമ്മദ്. കോണ്‍ഗ്രസില്‍ നിലവിലുള്ള നേതൃനിരയില്‍ വളരെ സീനിയറായ നേതാക്കളില്‍ ഒരാള്‍. മുസ്ലീം ലീഗിനെതിരെ ആര്യാടന് നടത്താറുള്ള തുടര്‍ച്ചയായുള്ള വിമര്‍ശനങ്ങളുടെയും ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്ലീം ലീഗിന് ഒരല്പം പിണക്കം ഉണ്ടെങ്കിലും, കോണ്‍ഗ്രസുകാര്‍ക്ക് എല്ലാം ഇപ്പോഴും ആര്യാടന് പ്രിയങ്കരനായ നേതാവാണ്. ദീര്‍ഘനാളുകളായി നിലമ്പൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭയില്‍ എത്തുന്ന എംഎല്‍എ ജനപ്രതിനിധി എന്ന നിലയില്‍ നിലമ്പൂരുകാര്ക്കും പ്രിയങ്കരനായിരിക്കാം, എന്നാല്‍ കേരളത്തിലെ ജനങ്ങളെ മുഴുവനായി കണക്കിലെടുത്താല്‍ ആര്യാടനോട് താല്പര്യം ഉണ്ടാകാന്‍ സാധ്യത തുലോം കുറവാണ്.
58 മുതല്‍ കെപിസിസി അംഗമായി പ്രവര്‍ത്തിക്കുന്ന ആര്യാടന് മുഹമ്മദ് അഴിമതി നടത്തുകയോ, ജനങ്ങളുടെ പണം ധൂര്‍ത്ത് അടിക്കുകയോ ചെയ്തതായി പരാതികള്‍ ഉയര്‍ന്ന് കേട്ടിട്ടില്ല. ഇന്നു മലയാളികള്‍ക്ക് ആര്യാടനോടുള്ള പ്രിയം കുറയാന്‍ കാരണം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആര്യാടന് കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ സ്ഥിതിയാണ്. എന്താണ് ഈ വകുപ്പുകളുടെ നിലവിലെ സ്ഥിതിയെന്ന് ആഴ്ച്ചയില്‍ ഒന്ന് പത്രം വായിക്കുന്നവര്‍ക്കു പോലും അറിയാം. കോണ്‍ഗ്രസ് ആര്യാടനെ വിശ്വസിപ്പിച്ച് ഏല്‍പ്പിച്ച ഏതാണ്ട് എല്ലാ വകുപ്പുകളും സമ്പൂര്‍ണ്ണ പരാജയമാണ്. പരിതാപകരമാണ് കെഎസ്ആര്‍ടിസിയുടെയും കെഎസ്ഇബിയുടെയും അവസ്ഥ. രണ്ടും ഏതാണ്ട് തകര്‍ച്ചയുടെ പൂര്‍ണ്ണത കൈവരിക്കാന്‍ കാത്തിരിക്കുകയാണ്. മലയാളീകരിച്ച് പറഞ്ഞാല്‍ കയ്യാലപുറത്തെ തേങ്ങ, അങ്ങോട്ടും ഇങ്ങോട്ടും ഉരുളാം. അങ്ങോട്ട് തകര്‍ച്ചയിലേക്ക് പോകാനാണ് സാധ്യത കൂടുതല്‍.
കഴിഞ്ഞ ദിവസം രാജ്യത്തു നടന്ന രണ്ടു ദിവസത്തെ പൊതുപണിമുടക്കില്‍ ലാഭം ലഭിച്ച ഏക സ്ഥാപനം കെഎസ്ആര്‍ടിസിയാണ്. കെഎസ്ആര്‍ടിസിക്ക് ലാഭം 12 കോടിയോളം രൂപയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊതുപണിമുടക്ക് ദിവസം ആന വണ്ടികള്‍ കേരളത്തില്‍ കൂടുതല്‍ സര്‍വ്വീസ് നടത്തി ഉണ്ടാക്കിയ പണമൊന്നുമല്ല അത്. രണ്ടു ദിവസം വണ്ടികള്‍ ഓടാതിരുന്നപ്പോള്‍ കിട്ടിയ ലാഭമാണിത്. അതായത് കെഎസ്ആര്‍ടിസി പ്രതിദിനം ആറു കോടിയോളം രൂപ നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വന്‍കിട ഉപഭോക്താക്കളുടെ ഗണത്തില്‍പ്പെടുത്തി ഡീസലിന് അധിക തുക ഈടാക്കുന്നതിനാലാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലായത് എന്നാണ് കെഎസ്ആര്‍ടിസി വാദം. സ്വാഭാവികമായും എത്ര ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആയാലും സിക്കുകാരന്റെ ഈ തരത്തിലുള്ള എട്ടിന്റെ പണിയില്‍ നട്ടം തിരിഞ്ഞു പോകും എന്നത് വാസ്തവം തന്നെ.
ഡീസലിന്റെ വില വര്‍ധനവിന് മുന്‍പും കെഎസ്ആര്‍ടിസി സര്‍വീസ് കേരളത്തില്‍ ഉണ്ടായിരുന്നു. അന്നും കെഎസ്ആര്‍ടിസി നഷ്ടത്തില്‍ തന്നെയായിരുന്നു ഓടിക്കൊണ്ടിരുന്നത്. എന്റെ അറിവില്‍ കെഎസ്ആര്‍ടിസി ലാഭത്തില്‍ എന്ന് ഞാന്‍ ഒരിക്കല്‍ മാത്രമേ കേട്ടിട്ടുള്ളു. കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടി കൂറ് ഇല്ലാത്ത പുത്രന് ഗണേശ് കുമാര്‍ ഭരിച്ചപ്പോള്‍ ആയിരുന്നു. പിന്നീട് ബാലകൃഷ്ണപിള്ള അധികാരത്തിന്റെ ജ്വരം പിടിപെട്ട് മകനില്‍ നിന്ന് കെഎസ്ആര്‍ടിസിയുടെ സ്റ്റിയറിങ് പിടിച്ചു വാങ്ങിച്ചതോടെ ആന വണ്ടികള്‍ വീണ്ടും കട്ടപ്പുറത്ത് ആയി തുടങ്ങി, വീണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
ഏറ്റവും കൂടുതല്‍ കമ്മീഷന് അടിക്കാന്‍ പറ്റിയ വകുപ്പാണ് കെഎസ്ആര്‍ടിസി. ഓരോ വണ്ടിയുടെ ബോഗിക്കും വമ്പന്മാരായ കമ്പനികളില്‍ നിന്ന് മന്ത്രിക്കും മേല്‍തട്ട് ഉദ്യോഗസ്ഥര്‍ക്കും പണം എത്താറുണ്ട് എന്ന് പരസ്യമായ രഹസ്യമാണ്. അതുകൊണ്ട് തന്നെ വണ്ടി ആവശ്യമില്ലെങ്കിലും മന്ത്രിമാരും ഏമാന്മാരും കൂടി വാങ്ങിച്ച് കൂട്ടും.
ഗണേശ് കുമാര്‍ ഭരിച്ചപ്പോള്‍ മാത്രം കെഎസ്ആര്‍ടിസി ലാഭത്തിലായത് യാദ്യശ്ചികമായി സംഭവിച്ചതല്ല. ഭരണ തലത്തിലും കെഎസ്ആര്‍ടിസിയിലും സാമ്പത്തിക ഇടപെടലുകളിലും പരിഷ്കാരങ്ങള്‍ വരുത്തിയിതിന്റെ തത്ഫലമായിരുന്നു. പണ്ട് ലാലു പ്രസാദ് യാദവ് റെയില്‍വെ ലാഭത്തിലാണ് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞപ്പോള്‍ ഇന്ത്യക്കാര്‍ ഒന്നടങ്കം അതിശയിച്ചതാണ്. പഴമക്കാര്‍ പറഞ്ഞിട്ടുള്ളതു പോലെ വേണമെങ്കില്‍ ചക്ക വേരിലും കായിക്കും.
നമ്മുടെ ഇപ്പോഴത്തെ കെഎസ്ആര്‍ടിസിയുടെ വളയം പിടിക്കുന്ന ആര്യാടനെ കൊണ്ട് കെഎസ്ആര്‍ടിസി ഉടന്‍ പൂട്ടി പോകും എന്നു കേരളത്തിന്റെ അങ്ങോളം ഇങ്ങോളം ഓടി നടന്ന പറയാനല്ലാതെ ഒന്നിനും കഴിയില്ലെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. ഇനി ചെയ്യേണ്ടത് , ഞാന്‍ പരാജിതനായി ഞാന്‍ ഒഴിയുന്നു എന്നു പറഞ്ഞ് ഇറങ്ങി പോകുകയാണ്.
കെഎസ്ഇബിയുടെ അവസ്ഥയും വിഭിന്നമല്ല. ഇന്നു പത്രത്തില്‍ വായിച്ചത് കെഎസ്ഇബിയുടെ ചില ഓഫിസൂകള് ഉടന്‍ പൂട്ടേണ്ടി വരുമെന്ന് ആര്യാടന് പറഞ്ഞു എന്നാണ്. കെഎസ്ആര്‍ടിസിയെ പോലെ തന്നെ ഭീമമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ഇബിയും കടന്നു പോകുന്നത്. കേരളം നേരിട്ടു കൊണ്ടിരിക്കുന്നത് അതി ഭീകരമായ വൈദ്യുതി പ്രതിസന്ധിയും. തലപ്പത്തിരിക്കുന്നവരുടെ അനാസ്ഥമൂലം കോള്‍ പാടങ്ങള്‍ നഷ്ടപ്പെട്ടു. അതു വീണ്ടും അനുവദിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാലിന് ഡല്‍ഹിക്ക് വിമാനം കയറും. പോകുന്ന ഉമ്മനും ഇത് എഴുതുന്ന എനിക്കും ഇതു വായിക്കുന്ന നിങ്ങള്‍ക്കും അറിയാം ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. പട്ടി ചന്തക്ക് പോയത് പോലെ ഉമ്മന്‍ തിരിച്ചു വരും.
കേരളത്തില്‍ ഉടനീളം സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും എന്ന് ആര്യാടന് പറച്ചില് തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ക്രിയാത്മകമായി നടപടി ക്രമങ്ങള്‍ മുന്നോട്ടു നീക്കിയിരുന്നെങ്കില്‍ ഒരിക്കലും തീര്‍ന്നു പോകാത്ത ഊര്‍ജനം നല്കുന്ന സൂര്യന്റെ കനിവിനാല്‍ ഇന്ന് നമ്മുടെ നാട്ടിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമായിരുന്നു. അതിന് കാര്യക്ഷമമായി നടപടികള്‍ കൈക്കൊള്ളാന്‍ ആരുണ്ട്. ആര്യാടന് തന്നെ രണ്ടു ഭരണ കാലയളവുകളില്‍ കൈക്കൊണ്ട ഇരട്ടതാപ്പുകളെ കുറിച്ച് ഏഷ്യാനെറ്റിലെ ജിമ്മി ജെയിംസ് ചോദിച്ചപ്പോള്‍ കിറിയും തിരുമ്മി സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങി പോയ ആര്യാടനെ കൊണ്ട് ഇനി എന്തു ചെയ്യാന്‍ സാധിക്കും. കേരളത്തില്‍ നടക്കുന്ന ഉദ്ഘാടന പ്രസംഗങ്ങളില്‍ കെഎസ്ഇബിയും കെഎസ്ആര്‍ടിസിയും ഉടന്‍ പൂട്ടും എന്നു പ്രഖ്യാപിക്കാനല്ലാതെ ഒന്നിനും കഴിയില്ല. ഇത് കണ്ടു മനസ്സിലാക്കി കോണ്‍ഗ്രസ് നേതൃത്വവും ഉമ്മന്‍ ചാണ്ടിയും ചെയ്യേണ്ടത് കഴിവുള്ള ആരെയെങ്കിലും പിടിച്ച് ആര്യാടന്റെ സ്ഥാനത്ത് ഇരുത്തി ടിയാന് വല്ലോ സാംസ്കാരിക വകുപ്പോ തദ്ദേശ സ്വയംഭരണ വകുപ്പോ നല്കി ശിഷ്ടകാലം തള്ളി നീക്കുകയാണ്. അതിനുള്ള ആര്‍ജവം കോണ്‍ഗ്രസ് നേതൃത്വം കാട്ടിയില്ലെങ്കില്‍, കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും അത്യാവശ്യമായി വേണ്ട വൈദ്യുതി വകുപ്പും കെഎസ്ആര്‍ടിസിയും പൂട്ടിയതിന്റെ പേരില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും.